എന്‍സിസി ക്യാമ്പുകളിലെ ഭക്ഷണച്ചെലവ് ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും
എന്‍സിസി ക്യാമ്പുകളില്‍ ഭക്ഷണച്ചെലവ് ഇനി പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. നിലവില്‍ ഇതിന്റെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കിവരുന്നത്. പത്തുദിവസത്തെ ക്യാമ്പിന് ഒരു കുട്ടിക്ക് 2,200 രൂപയാണ് ഭക്ഷണച്ചെലവ് നല്‍കുക. വാര്‍ഷിക പരിശീലന ക്യാമ്പ്, വായു-നാവികസേനാ ക്യാമ്പുകള്‍, ഏക ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ്, റിപ്പബ്ലിക്ദിന പരേഡിനുള്ള ക്യാമ്പ് തുടങ്ങിയവയ്‌ക്കെല്ലാം ഇതു ബാധകമാണ്.
എന്നാല്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പരേഡ് നടക്കുമ്പോഴുള്ള ചെലവ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 2022-'23 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനവിഹിതം നല്‍കാത്തതിനാല്‍ സ്‌കൂള്‍ പരേഡ് ദിവസങ്ങളിലെ ചെലവിനത്തില്‍ 28 കോടി രൂപ കുടിശ്ശികയുണ്ട്. എന്‍സിസി ഡയറക്ടറേറ്റിലെ 'റിഫ്രഷ്മെന്റ്' എന്ന ഹെഡിലെ അക്കൗണ്ടില്‍ 2,000 രൂപയില്‍ താഴെയേയുള്ളൂവെന്നാണ് വിവരം.
കുട്ടികളുടെ റിഫ്രഷ്മെന്റ് ഇനത്തില്‍ ചെലവഴിച്ച, ഒരുലക്ഷം രൂപവരെ കിട്ടാനുള്ള അധ്യാപകരുണ്ട്. പണം ചോദിച്ച് എന്‍സിസി ഓഫീസുകളിലെത്തുന്നവര്‍ക്ക് 'ഫണ്ട് വന്നില്ല' എന്ന ഉത്തരമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മിക്കയിടങ്ങളിലും ഭക്ഷണം നല്‍കാറില്ല.
എട്ടാം ക്ലാസ് മുതല്‍ കോളേജ് തലംവരെയുള്ള കുട്ടികളാണ് എന്‍സിസിയില്‍ അംഗമാകുന്നത്. കേരളത്തില്‍ 72 ബെറ്റാലിയനുകളുടെ കീഴില്‍ 70,000-ത്തോളം കുട്ടികള്‍ എന്‍സിസിയിലുണ്ട്. തീരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന 'കോസ്റ്റല്‍ എക്‌സാപ്ന്‍ഷന്‍ സ്‌കീ'മില്‍പ്പെട്ട എന്‍സിസി യൂണിറ്റുകളില്‍ പരേഡ് ദിവസങ്ങളിലെ ഭക്ഷണച്ചെലവ് പൂര്‍ണമായും കേന്ദ്രമാണ് വഹിക്കുന്നത്. മറ്റ് സ്‌കൂളുകളിലും ഭക്ഷണച്ചെലവ് പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ത്തിയിരുന്നു.
സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍സിസി ചുമതലയുള്ള അധ്യാപകര്‍ക്കുള്ള ഓണറേറിയത്തിന്റെ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും മൂന്നുവര്‍ഷമായി നല്‍കുന്നില്ല. അധ്യാപകര്‍ക്കുള്ള വിഹിതത്തിന്റെ പകുതി കേന്ദ്രസര്‍ക്കാരും പകുതി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കേണ്ടത്. കോസ്റ്റല്‍ എക്‌സാപ്ന്‍ഷന്‍ സ്‌കീ'മില്‍പ്പെട്ട എന്‍സിസി യൂണിറ്റുകളില്‍ ഓണറേറിയം നല്‍കുന്നുണ്ട്.





