കർശന വ്യവസ്ഥകൾ മാനസിക സംഘർഷം കൂട്ടുന്നു; നിയമ വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി.
ന്യൂഡൽഹി ∙ മിനിമം ഹാജർ ഇല്ലെന്ന കാരണത്താൽ നിയമവിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കരുതെന്നു ഡൽഹി ഹൈക്കോടതി വിധിച്ചു. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് നിയമ പഠനരംഗത്തു ഹാജർ മാനദണ്ഡങ്ങൾ കർശനമാക്കരുതെന്നു വ്യക്തമാക്കിയ കോടതി കർശന വ്യവസ്ഥകൾ മാനസിക സംഘർഷം വർധിപ്പിക്കുമെന്നും ആത്മഹത്യയിലേക്കു നയിക്കുമെന്നും നിരീക്ഷിച്ചു.
2016 ൽ അമിറ്റി സർവകലാശാലയിലെ നിയമവിദ്യാർഥി സുശാന്ത് രോഹില്ല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണു ജസ്റ്റിസുമാരായ പ്രതിഭാ എം.സിങ്, അമിത് മിശ്ര എന്നിവർ ഉത്തരവിട്ടത്. സെമസ്റ്ററിന്റെ അവസാനത്തിൽ നിശ്ചിത ഹാജർ നേടിയിട്ടില്ലെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കണം. അതേസമയം, സെമസ്റ്ററിന്റെ അന്തിമഫലത്തിൽ നിന്നു പരമാവധി 5% മാർക്ക് കുറയ്ക്കാം. സിജിപിഎ രീതിയിലാണു മാർക്ക് കണക്കാക്കുന്നതെങ്കിൽ 0.33% കുറയ്ക്കാം. ഹാജരിന്റെ പേരിൽ മാത്രം സ്ഥാനക്കയറ്റം തടയരുത്. അമിറ്റി ലോ സ്കൂളിലെ വിദ്യാർഥിയായിരുന്ന സുശാന്ത് 2016 ഓഗസ്റ്റിലാണു ജീവനൊടുക്കിയത്.





