ഐഐഎം മുംബൈ–ക്കാല കൈകോർക്കുന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) മുംബൈ, ഗായകൻ കൈലാഷ് ഖേർ സ്ഥാപിച്ച ക്രിയേറ്റീവ് എജുക്കേഷൻ പ്ലാറ്റ്ഫോമായ ക്കാല(Kkala)യുമായി സഹകരിച്ച്, ‘ആർട്ടപ്രണർ – പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്രിയേറ്റീവ് ലീഡർഷിപ്പ് ഫോർ പെർഫോർമിംഗ് ആർട്സ്’ പ്രഖ്യാപിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്‌സ് 2026 ജൂണിൽ ആരംഭിച്ച് 2027 മേയ് വരെ നീണ്ടുനിൽക്കും. പെർഫോർമിംഗ് ആർട്സിൽ നേതൃസ്ഥാനങ്ങൾ ലക്ഷ്യമിടുന്നവർ, കലാ സംരംഭകർ, കലാപ്രവർത്തനത്തെയും മാനേജ്മെന്റിനെയും നേതൃത്വപാടവങ്ങളെയും ഏകോപിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ എന്നിവർക്ക് ഈ പരിപാടി ലക്ഷ്യമിടുന്നു.
ഓഫീഷ്യൽ പ്രസ്താവന പ്രകാരം, പേഴ്സണൽ ബ്രാൻഡിംഗ്, കലയുടെ അടിസ്ഥാനങ്ങൾ, പ്രോജക്റ്റ് മാനേജ്മെന്റ്, സാമ്പത്തിക സാക്ഷരത, മാർക്കറ്റിംഗ്, ലീഡർഷിപ്പ്, സംരംഭകത്വം എന്നിവ പഠനത്തിന്റെ പ്രധാന മേഖലകളായിരിക്കും. നാടകം, സംഗീതം, നൃത്തം, യോഗ എന്നീ കലാചര്യകളെയും മാനേജ്മെന്റ് ഫ്രെയിംവർക്കുകളെയും സംയോജിപ്പിച്ചാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി സാംസ്കാരികവും സംഘടനാപരവുമായ മേഖലകളിലെ സങ്കീർണ വെല്ലുവിളികൾ നേരിടാൻ പങ്കാളികളെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം.
ഈ സംരംഭം വഴി ക്രിയേറ്റീവ് ലീഡർഷിപ്പ് മേഖലയിൽ എക്സിക്യൂട്ടീവ് എജുക്കേഷൻ പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണെന്ന് ഐഐഎം മുംബൈ അറിയിച്ചു. പെർഫോർമിംഗ് ആർട്സിനെയും ക്രിയേറ്റീവ് സംരംഭകത്വത്തെയും അക്കാദമിക് കൃത്യതയോടെ ചേർത്ത് കൊണ്ടുവരാനാണ് ക്കാലയുമായി ഉള്ള സഹകരണം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നു.
2026 ജൂണിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്കുള്ള അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. യോഗ്യത, അപേക്ഷാ തീയതികൾ, പ്രോഗ്രാം ഘടന തുടങ്ങിയ വിശദാംശങ്ങൾ ഐഐഎം മുംബൈയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.