പ്രജ്വല സ്കോളർഷിപ് മാനദണ്ഡങ്ങളായി; മത്സരപ്പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് മാസം 1000 രൂപ.
തിരുവനന്തപുരം ∙ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപ്പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കുമായി സർക്കാർ പ്രഖ്യാപിച്ച പുതിയ സ്കോളർഷിപ്പിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. മാസം 1,000 രൂപ വീതമാണു ഒരു വർഷത്തേക്കു ലഭിക്കുക. പ്രജ്വല എന്നാണ് പദ്ധതിയുടെ പേര്. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് പദ്ധതി നടപ്പാക്കുന്നത്. eemployment.kerala.gov.in എന്ന പോർട്ടൽ വഴി ഓരോ വർഷവും അപേക്ഷിക്കണം.
അപേക്ഷിക്കുന്ന വർഷം ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകണം. 30 വയസ്സ് കവിയരുത്. പ്ലസ് ടു, വിഎച്ച്എസ്‌സി, ഐടിഐ, ഡിപ്ലോമ, ഡിഗ്രി വിജയത്തിനു ശേഷം നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവരോ ജോലിക്കോ മത്സരപ്പരീക്ഷയ്ക്കോ തയാറെടുക്കുന്നവരോ ആണ് അർഹർ.
സംസ്ഥാനത്ത് സ്ഥിര താമസക്കാരായിരിക്കണം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിലേറെയാകരുത്. കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ കീഴിലെ സ്ഥാപനങ്ങളിൽ നൈപുണ്യ. പരിശീലനം നടത്തുന്നവരോ പിഎസ്‌സി അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികളിൽ അപേക്ഷിച്ച് മത്സരപ്പരീക്ഷയ്ക്ക് തയാറെടുക്കുന്നവരോ ആയിരിക്കണം.
അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്കാണ് സ്കോളർഷിപ് നൽകുക. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമം നോക്കിയാണ് അനുവദിക്കുക. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വേണം. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സമർപ്പിക്കണം. പരീക്ഷയ്ക്ക് തയാറെടുക്കുന്നവർ അതിന്റെ രേഖകൾ ഹാജരാക്കണം.





