ഐടിഐകളിൽ ജോലി ഉറപ്പക്കാൻ 'കർമ' പദ്ധതിയുമായി തൊഴിൽ വകുപ്പ്.
                          തിരുവനന്തപുരം∙ സംസ്ഥാനത്തെ ഐടിഐകളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും പൂർവവിദ്യാർഥികൾക്കും തൊഴിൽ നൽകുന്നതിനുള്ള കർമ പരിപാടിയുമായി തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പും വിജ്ഞാന കേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഐടിഐ യോഗ്യതയുള്ളവർക്കായി ഒരുക്കുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
രണ്ടു രീതിയിലാണ് പദ്ധതി നടപ്പാക്കുക.  നൈപുണ്യ പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്നതാണ് ഒരു മാർഗം. റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ് (ആർടിഡി) എന്ന മാതൃകയാണ് രണ്ടാമത്തേത്. ഇതിലൂടെ കമ്പനികൾ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുകയും  6 മാസം വരെ ഐടിഐകളിലോ മറ്റോ പരിശീലനം നൽകി സ്ഥിരപ്പെടുത്തുകയും ചെയ്യും.
ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി 15000 രൂപയ്ക്കു മുകളിൽ ശമ്പളമുളള മുക്കാൽ ലക്ഷത്തോളം തൊഴിലവസരങ്ങൾ സമാഹരിച്ചതായി മന്ത്രി പറഞ്ഞു.  തൊഴിലന്വേഷകരായ പൂർവവിദ്യാർഥികൾക്കും പ്രത്യേക പരിശീലനം നൽകും. ഇതിന്റെ ഭാഗമായി നവംബർ 1 മുതൽ 7 വരെ  അവർ പഠിച്ച ഐടിഐകളിൽ റജിസ്‌ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തും.  നവംബർ 7 മുതൽ 15 വരെ ഇവർക്ക് കരിയർ കൗൺസലിങ്ങും സ്കിൽ സ്കിൽ അസസ്‌മെന്റും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലസ്റ്ററുകൾ രൂപീകരിക്കും. നോഡൽ കേന്ദ്രങ്ങളിൽ നവംബർ 20 മുതൽ 20-30 പേരടങ്ങുന്ന ബാച്ചുകളായിട്ടാവും പരിശീലനം. ഡിസംബർ പകുതിയോടെ പൂർവ വിദ്യാർഥികൾക്കായി തൊഴിൽ മേളകളും സംഘടിപ്പിക്കും.ഐടിഐകൾ, എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇൻസ്ട്രക്ടർമാർക്ക്  നൈപുണി പരിശീലന പരിപാടികളിൽ മെന്റർമാരായി പ്രവർത്തിക്കാം. താൽപര്യമുള്ളവർക്ക് അടുത്തുള്ള ഐടിഐകളിലോ വിജ്ഞാന കേരളം വെബ്സൈറ്റിലോ റജിസ്റ്റർ ചെയ്യാം.
                        





