സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പ്; അസാപ്, കെടിയു സംയുക്ത പദ്ധതി.
അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) സംയുക്ത ഇന്റേൺഷിപ്പ് പദ്ധതി രൂപം നൽകി. അക്കാദമിക് ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ് അവസരങ്ങൾക്ക് പുതുമാനം നൽകുന്നതാകും പദ്ധതി.
സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർഥ പ്രൊജക്റ്റുകളിലും പ്രഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും പ്രായോഗിക പരിശീലനം നേടാൻ ഈ പദ്ധതി അവസരമൊരുക്കും. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർത്ഥികൾക്ക് ലഭിക്കുക.
ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർത്ഥികൾ റജിസ്ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. അസാപ് കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ലിങ്ക് : https://careerlink.asapkerala.gov.in/.





