പരാജയങ്ങളെ പ്രചോദനങ്ങളാക്കി മാറ്റാന്‍ !
എം. സുധാകരന്
'ഒരുവാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടുന്നു. പക്ഷേ നാം പലപ്പോഴും അടഞ്ഞ വാതിലില്‍ നോക്കി ദു:ഖിച്ച് നില്ക്കുന്നതുകൊണ്ട് നമുക്ക് വേണ്ടി തുറക്കപ്പെട്ട മറ്റേ വാതില്‍ കാണാതെ പോകുന്നു'-
അലക്സാണ്ടര്‍ ഗ്രഹാംബെല്‍
ഏത് രംഗത്തായാലും, ലോകമൊട്ടാകെ തന്നെ ജയപരാജയങ്ങളുടെ മത്സരക്കളമായി മാറിയിരിക്കുന്നു. എല്ലാവരും, എല്ലായ്പോഴും ജയിക്കുന്നില്ല. അതിനാല്‍ തന്നെ പരാജയകലയെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. എങ്ങനെ തോല്‍ക്കാം എന്ന് പഠിക്കേണ്ടത് ഇന്നത്തെ മത്സരാധിഷ്ഠിതലോകത്ത് എങ്ങനെ വിജയിക്കാം എന്ന് പഠിക്കേണ്ടതിനെക്കാള് പ്രാധാന്യമര്‍ഹിക്കുന്നു.
ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെ വരുന്നതിനെയാണ് നമ്മള് തോല്‍വി എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്. ഇത് പലപ്പോഴും ആപേക്ഷികമാണ്. പരാജയത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നുള്ളതിനനുസരിച്ചായിരിക്കും പരാജയത്തിന്റെ പ്രത്യാഘാതങ്ങള്‍. വ്യാഖ്യാനത്തില്‍ പിഴവ് പറ്റുമ്പോഴാണ് താത്കാലിക തിരിച്ചടികളെപോലും മൊത്തത്തിലുള്ള പരാജയമായി പരിഗണിക്കപ്പെടുന്നത്. ഭൂമിയിലെ മറ്റൊരു ജീവിയും താത്കാലിക തിരിച്ചടികളില്‍ തളരുന്നില്ല. അവ പരാജയങ്ങള്‍ പരിഗണിക്കാതെ പ്രയത്നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇരപിടിക്കാന്‍ ശ്രമിക്കുന്ന സിംഹം എത്ര തവണ പരാജയപ്പെട്ടാലും ശ്രമത്തില്‍ നിന്ന് പിന്തിരിയുന്നില്ല. പരാജയത്തിപ്പെട്ടു എന്ന് കരുതി വിഷണ്ണനായിരുന്നാല് ആ സിംഹം പട്ടിണികിടന്ന് ചാവുകയേ ഉള്ളൂ. ആഹാരം തേടുന്ന ഉറുമ്പുകളുടെയും, വലകെട്ടുന്ന ചിലന്തിയുടെയുമെല്ലാം സ്ഥിതി ഇത് തന്നെയാണ്. മനുഷ്യന് മാത്രമാണ് തോല്‍വികളില്‍ അതിര്‍കടന്ന് തളര്‍ന്ന് പോകുകയും, പരാജയങ്ങളുടെ ദു:ഖ സ്മരണകളെ ജീവിതം മുഴുവന്‍ നിലനിറുത്തുകയും ചെയ്യുന്നത്.
പരാജയം എന്ന വലിയ പാഠം.
പരാജയങ്ങള്‍ വേദന സൃഷ്ടിക്കുന്നു. പക്ഷേ ഈ വേദനകളാണ് പരാജയങ്ങളെ ക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നതും, പരിഹാരങ്ങള്‍ നേടുന്നതിന് സഹായിക്കുന്നതും. പരിക്കേല്ക്കുമ്പോള് വേദനയുണ്ടാകുന്നതുപോലെ. വേദനയുണ്ടാകുന്നതുകൊണ്ടാണല്ലൊ നാം പരുക്കിനെക്കുറിച്ചറിയുന്നതും പരിഹാരങ്ങള്‍ കണ്ടെത്തുന്നതും. പരാജയങ്ങളെയും അതുപോലെ അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു മുന്നറിയിപ്പായി മാത്രം പരിഗണിച്ചാല്‍ മതി. ഓരോ തോല്‍വിയും നമുക്ക് സമ്മാനിക്കുന്നത് ജയിക്കാനുള്ള പാഠങ്ങളാണ്. ഏത് പരാജയത്തെയും തിരുത്തിക്കുറിക്കുവാനുള്ള വഴികളുണ്ടാകും. ആ വഴികള്‍ തിരിച്ചറിഞ്ഞ് സമയോചിതമായ തിരുത്തലുകള്‍ നടത്താനുള്ള സന്ദര്‍ഭങ്ങളാണ് പരാജയങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഇന്ന് വിജയത്തിന്റെ മറുവാക്കായി മാറിയ പല വിജയികളുടെയും പിന്നില്‍ പരാജയങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. കയ്പേറിയ പരാജയങ്ങളില്‍ നിന്ന് വേണ്ട രീതിയില്‍ പാഠങ്ങള്‍ ഉള്ക്കൊണ്ടവരാണിവര്. ഓരോ തോല്‍വികളും വ്യത്യസ്തമാണെന്നും എല്ലാ തോല്‍വികള്‍ക്കും താന്‍ മാത്രമല്ല ഉത്തരവാദി എന്നും മനസ്സിലാക്കിയവരാണിവര്. ഏത് തോല്‍വിയും വിജയത്തിലേക്കുള്ള പാതയെ കൂടുതല്‍ പ്രകാശമാനമാക്കുകയാണ് ചെയ്യുന്നത്. സ്വന്തം പരാജയങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ് ഒരു വ്യക്തിയുടെ അന്തര്‍ലീനമായ കഴിവുകളെ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുന്നത്.
പരാജയം നേരിടുമ്പോള്‍ ചെയ്യേണ്ടത്
1. എല്ലാവരുടെയും എല്ലാശ്രമങ്ങളും എല്ലായ്പോഴും വിജയിക്കുന്നില്ല എന്ന സത്യം ഉള്‍ക്കൊള്ളുക. വിജയം പോല തന്നെ പരാജയവും ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന് തിരിച്ചറിയുക.
2. പരാജയങ്ങളോട് വൈകാരികമായി പ്രതികരിക്കാതെ അതിന്റെ കാര്യകാരണങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുക. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ശാന്തമായി ചിന്തിക്കുകയും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക.
3. ഏത് തോല്‍വിയിലും മന:സാന്നിധ്യം നഷ്ടപ്പെടാതിരിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ശുഭാപ്തി വിശ്വാസം നിലനിറുത്തുകയും ചെയ്യുക.
4. എത്ര വലിയ പ്രതിസന്ധിയായാലും ഇതും കടന്ന് പോകും. (this too will pass) എന്ന മനോഭാവം മുറുകെ പിടിക്കുക.
5. പരിഹാസങ്ങളോടും കുറ്റപ്പെടുത്തലുകളോടും സമചിത്തതയോടെ, മാന്യതകൈവിടാതെ പ്രതികരിക്കുക.
6. തിരിച്ചടികളില്‍ മനംനൊന്ത് വെല്ലുവിളികളില്‍ നിന്നും എന്നന്നേക്കുമായി ഒളിച്ചോടാതിരിക്കുക.
7. സമൂഹം തോല്‍വിയെ എങ്ങനെ കാണുമെന്നോര്‍ത്ത് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുക. നമ്മുടെ കാഴ്ചപ്പാടുകള്‍ മാറുമ്പോള്‍ നമ്മളെ കുറിച്ചുള്ള കാഴ്പ്പാടുകളും മാറും
8. ഏതെങ്കിലും ഒരു കാര്യത്തില്‍ സംഭവിക്കുന്ന തോല്‍വിയെ ജീവിതം മുഴുവനും പരാജയഭീതിയായി കൊണ്ടുനടക്കാതിരിക്കുക. സംഭവിച്ച തോല്‍വി ആ പ്രത്യേക സംഭവത്തെക്കുറിച്ച് മാത്രമുള്ളതാണെന്നും, മൊത്തംകഴിവുകളല്ല വിലയിരുത്തപ്പെട്ടതെന്നും മനസ്സിലാക്കി മുന്നോട്ടുപോകുക.
പിന്നീട് ചരിത്രം മഹാډാരായി വാഴ്ത്തിയ പലരും അവരുടെ ചെറുപ്പകാലത്ത് ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കപ്പെട്ടവരായിരുന്നു. ഇതില്‍ മനംനൊന്ത് പിന്മാറിയിരുന്നുവെങ്കില് ഇവരുടെ പില്ക്കാല സേവനങ്ങള്‍ ലോകത്തിന് ഒരിക്കലും ലഭിക്കുമായിരുന്നില്ല. ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള നിരവധി വ്യക്തികളെ കണ്ടെത്താന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം.
1) നാല് വയസ്സുവരെ സംസാരശേഷിയില്ലാതിരുന്ന ഒരു ബാലന് തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങുകയും സ്കൂളില്‍ ചേരുകയും ചെയ്തു. ഈ ബാലനെക്കുറിച്ച് അവന്റെ ക്ലാസ്സ് ടീച്ചര്‍ സ്കൂള്‍ രേഖകളില്‍ എഴുതിയത് ഇങ്ങനെയായിരുന്നു: ബൗദ്ധിക നിലവാരം കുറഞ്ഞ എപ്പോഴും വിഡ്ഡിസ്വപ്നങ്ങള് കണ്ട് നടക്കുന്ന കുട്ടി. പിന്നീട് പോളിടെക്നിക്പ്രവേശനത്തിനുള്ള പരീക്ഷയില്‍ ഈ ബാലന് മൂന്ന് തവണ പരാജയപ്പെട്ടു. നാലാമത്തെ തവണയാണ് കടന്ന് കൂടാന്‍ പറ്റിയത്. ആ വിദ്യാര്‍ഥി മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ആപേക്ഷിക സിദ്ധാന്തത്തിന്റെ പിതാവ്.
2) ചെറുപ്പത്തില്‍ പഠിപ്പില്‍ യാതൊരു താത്പര്യവും കാണിക്കാത്തതിന്റെ പേരില്‍ പലപ്പോഴും അധ്യാപകരുടെ ചൂരല്‍ പ്രയോഗത്തിന് വിധേയനാകേണ്ടിവന്ന വിദ്യാര്‍ഥി. ഈ വിദ്യാര്‍ഥി വേറൊരു വിദ്യാലയത്തിലേക്ക് മാറിപ്പോയപ്പോള്‍, ആ സന്തോഷം ആഘോഷിക്കാനായി അധ്യാപകര്‍ സ്കൂളിന് അരദിവസം അവധി നല്‍കിഎന്നാണ് പറയപ്പെടുന്നത്. പിന്നീട് ആ വിദ്യാര്‍ഥി മിലിട്ടറി കോളേജില്‍ പ്രവേശനം നേടാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് തവണ പരാജയപ്പെടുകയും മൂന്നാമത്തെ തവണ കഷ്ടിച്ച് കടന്ന് കൂടുകയും ചെയ്തു. ഈ പരാജയങ്ങളിലും, ആക്ഷേപങ്ങളിലുമൊന്നും കുലുങ്ങാതെ മുന്നോട്ടുപോയ ഈ വിദ്യാര്‍ഥിയാണ് പില്ക്കാലത്ത് ബ്രിട്ടന് അന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ പ്രധാനമന്ത്രി എന്ന് ചരിത്രം രേഖപ്പെടുത്തിയ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
3) സ്കൂള്‍ പഠനകാലത്ത് ഒരിക്കല്‍ ആ വര്‍ഷത്തെ ഏറ്റവും മണ്ടനായി തെരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു. 'നീ പട്ടികളുടെയും, എലികളുടെയും പുറകെ ഓടി നടക്കുവാന്‍ മാത്രമേ കൊള്ളുകയുള്ളൂ എന്ന്'- ഈ ബാലന്റെ പിതാവ് സ്ഥിരമായി അവനെ ശകാരിക്കുമായിരുന്നു. പില്ക്കാലത്ത് പരിണാമസിദ്ധാന്തം ലോകത്തിന്ന് സമ്മാനിച്ച വിശ്വപ്രശസ്തനായ ചാള്‍സ് ഡാര്വിന് ആയിരുന്നു ആ വിദ്യാര്‍ഥി.
4) തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പേരില്‍ പലപ്പോഴും രക്ഷിതാക്കളും സ്കൂളില്‍ വിളിച്ചു കൊണ്ടുവരേണ്ട ഗതികേടനുഭവിച്ച ഒരു വിദ്യാര്‍ഥിയായിരുന്നു കെയ്ന്‍. കോളേജുകളില്‍ പോലും ഈ വിദ്യാര്‍ഥിക്ക് ഇക്കണോമിക്സിന് വളരെ കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചിരുന്നത്. ഈ വിദ്യാര്‍ഥിയാണ് ഇന്ന് ആധുനിക ധനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോര്‍ഡ് കെയ്ന്‍.
5) ആകാശവാണി നടത്തിയ ഒരു ഇന്റര്‍വ്യൂവില്‍ ഒരു ഉദ്യോഗാര്‍ഥി തിരസ്കരിക്കപ്പെട്ടു. ഈ ഉദ്യോഗാര്‍ഥിയുടെ സ്വരം മൈക്രോഫോണിനനുയോജ്യമല്ല എന്നതായിരുന്നു വിധി കര്‍ത്താക്കളുടെ തീരുമാനം. ആ ഉദ്യോഗാര്‍ഥി നമ്മുടെ ഗാനഗന്ധര്വന് യേശുദാസായിരുന്നു എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ?
ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ നേരിടേണ്ടി വന്ന പരാജയങ്ങളെ മറികടന്ന് നിസ്സങ്കോചം മുന്നോട്ടേക്ക് പോയവരായിരുന്നു ഈ പ്രതിഭാശാലികള്‍. ഒരു പരീക്ഷയിലോ, ഇന്റര്വ്യൂവിലൊ പരാജയപ്പെടുമ്പോഴേക്കും, പരിശ്രമങ്ങള്‍ ഉപേക്ഷിക്കുന്ന നമ്മില്‍ നിന്നും എത്രയോ വ്യത്യസ്തരായിരുന്നു അവര്‍. എത്ര ശക്തിയോടെ വലിച്ചെറിയപ്പെട്ടാലും ഒരു റബര്‍ പന്തിനെപ്പോലെ അതേ ശക്തിയില്‍ ഉയര്‍ന്ന് പൊങ്ങാന്‍ പറ്റുന്നവരാണ് അന്തിമവിജയം കൈവരിക്കുന്നത്. തോല്‍ക്കാതെ തോല്‍വി സമ്മതിച്ച് പിډാറുന്നതാണ് തോല്‍വിയെക്കാള്‍ വലിയ അപകടം. ജീവിതത്തിന്റെ ഗതി ഏത് ഘട്ടത്തിലും തിരിച്ച് വിടാവുന്നതേയുള്ളൂ. ഒരു പുന:സൃഷ്ടി ആര്‍ക്കും സാധ്യമാണ് . ഈ പുന:സൃഷ്ടിക്കാവശ്യമായ കഴിവുകള്‍ എല്ലാവരിലും ഒളിഞ്ഞിരിപ്പുണ്ട്. അവയെ തട്ടിയുണര്‍ത്തി പരിപോഷിപ്പിക്കുകയേ വേണ്ടൂ. തോല്‍ക്കില്ലെന്ന നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് മുന്നില്‍ വിധിയും കീഴടങ്ങുമെന്നുള്ളതിന് ഉദാഹരണങ്ങള്‍ സുലഭമാണ്. ഇടയ്ക്ക് വച്ച് ഇടറിവീഴുമ്പോള്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ എവിടെയും എത്തുന്നില്ല.
നമ്മള് നേടണമെന്ന് സമൂഹം ആഗ്രഹിക്കുന്ന ചിലത് നേടാന്‍ പറ്റാതെ വരുമ്പോള്‍ അതിനെ തോല്‍വിയായി കണക്കാക്കാതിരിക്കുക. നേടുക എന്നതിലപ്പുറം സ്വന്തം കഴിവിന്റെ പരമാവധി ശ്രമിക്കുന്നതിലായിരിക്കണം ആനന്ദം കണ്ടെത്തേണ്ടത്. നമ്മുടെ തന്നെ സങ്കല്പങ്ങളാണ് വിജയത്തിന്റെയും പരാജയത്തിന്റെയും അളവ്കോലായിതീരേണ്ടത്. തിരിച്ചടികളില്‍ ഉണ്ടാകേണ്ടത് വിഷാദമോ, ഇച്ഛാഭംഗമോ അല്ല. വസ്തു നിഷ്ഠമായ വിശകലനവും, തെറ്റു തിരുത്താനുള്ള തന്റേടവും, പുതിയ ചുവടുവയ്പിന്നുള്ള ആസൂത്രണവുമാണ്.