കൗമാരം- പ്രശ്നങ്ങളും, വെല്ലുവിളികളും

കൗമാരം എന്നത് ഒരു പരിവര്‍ത്തനത്തിന്‍റെ കാലഘട്ടമാണ്. ശാരീരികമായ വളര്‍ച്ചയ്ക്കൊപ്പം മാനസികവും, സാമൂഹികവും, മൂല്യാധിഷ്ഠിതവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കൗമാരം 10 വയസ്സിനും 13 വയസ്സിനും ഇടയ്ക്ക് ആരംഭിച്ച് 21 വയസ്സോടെ പൂര്‍ത്തിയാവുന്ന ഒരു കാലയളവാണ് കൗമാരപ്രായം എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്. ബാല്യത്തില്‍ നിന്നും യൗവനത്തിലേയ്ക്കുള്ള ഒരു പ്രയാണകാലമാണ് ഇത്. ബാല്യത്തിന്‍റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന യൗവനത്തിന്‍റെ അവകാശ അധികാരങ്ങള്‍ ഇവര്‍
തീവ്രമായി ആഗ്രഹിക്കുന്നു. എന്നാല്‍ യൗവനത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ മാനസികമായി പക്വതകൈവരിച്ചുകാണുകയില്ല. ഇങ്ങനെ ബാല്യത്തിന്‍റെയും, യുവത്വത്തിന്‍റെയും വ്യക്തിത്വങ്ങള്‍ മാറിമാറി പ്രകടമാവുന്ന ഒരു കാലമാണ് ഇത്. ഈ രണ്ടു വ്യക്തിത്വങ്ങളും - ബാല്യത്തിന്‍റെയും, യൗവനത്തിന്‍റെയും - തമ്മിലുള്ള സംഘര്‍ഷം കൗമാരത്തിന്‍റെ പ്രധാന വെല്ലുവിളിയാണ്. നിരന്തരമായ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ കഴിവുകള്‍, താത്പര്യങ്ങള്‍, മാനസിക ഭാവങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം മാറിക്കൊണ്ടിരിക്കും.
കൗമാര പ്രായക്കാരുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നത് വിചാരങ്ങളേക്കാള്‍ വികാരങ്ങളാണ്. വ്യക്തി ജീവിതത്തില്‍ വികാരങ്ങള്‍ ആവശ്യമാണ്.സാഹചര്യങ്ങള്‍ക്കനുസരിച്ച് വികാരങ്ങളെ നന്നായി പ്രകടിപ്പിക്കാനും,
ആവശ്യഘട്ടങ്ങളില്‍ നിയന്തിക്കാനും കഴിയുമ്പോഴാണ് ഒരു വ്യക്തി പക്വതപ്രാപിക്കുന്നത്. കൗമാര പ്രായക്കാര്‍
പ്രധാനമായും പ്രശ്നക്കാരാവുന്നത് - അമിതമായ വികാരപ്രകടനം കൊണ്ടും വികാരങ്ങള്‍ പ്രകടിപ്പിക്കാനാവാതെ വരുേമ്പാഴുള്ള അസഹിഷ്ണുതാപരമായ പെരുമാറ്റം കൊണ്ടുമാണ്. സാധാരണയായി മുതിര്‍ന്നവരുടെ കുറ്റപ്പെടുത്തലിനും പരിഹാസത്തിനും ഈ കാരണം കൊണ്ട് അവര്‍ പാത്രമാകുന്നു. എന്നാല്‍ പക്വമായ
വ്യക്തിത്വത്തിലേക്കുള്ള ഒരു പ്രയാണമാണ് ഇതെന്നും അതില്‍ പരമാവധി ഉള്‍ക്കൊണ്ടും കൂടെ നിന്നും സഹിഷ്ണു
തയോടെ അവര്‍ക്ക് താങ്ങും തണലും നല്‍കുകയാണ് വേണ്ടത് എന്നും മുതിര്‍ന്നവര്‍ തിരിച്ചറിഞ്ഞാല്‍, അതിനനുസരിച്ച് പെരുമാറിയാല്‍, ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കൗമാരം എന്ന ഈ പരീക്ഷണ കാലഘട്ടത്തില്‍ കുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഏറെയാണ് സൗന്ദര്യബോധം, ഫാഷനുകള്‍, കാഴ്ചപ്പാടുകള്‍,വികാരപ്രകടനങ്ങള്‍ എന്നിവയൊക്കെ മാതാപിതാക്കളുടെയും മറ്റു രക്ഷിതാക്കളുടെയും കാഴ്ചപ്പാടുകള്‍ക്ക് തീര്‍ത്തും വ്യത്യസ്തവും, ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതും ആയിരിക്കും.
സ്വന്തം പേരിന്‍റെ ഭംഗി മുതല്‍ സൗന്ദര്യം, ശരീരഘടന, ജാതി, മതം, സാമ്പത്തിക സ്ഥിതി, സാമൂഹിക നിലവാരം ഇങ്ങനെ ഓരോന്നും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുകയും അതിനനുസരിച്ച് അനുകൂലമോ, പ്രതികൂലമോ ആയ ഒരു മനോഭാവം ഉടലെടുക്കുകയും ചെയ്യുന്നത് കൗമാരത്തിലാണ്. മുതിര്‍ന്നവരില്‍ നിന്നുള്ള അനാവശ്യമായ താരതമ്യങ്ങളും, അമിതമായ ഇടപെടലുകളും കുട്ടികളുടെ വ്യക്തിത്വവികാസത്തെ പ്രതികൂലമായി ബാധിക്കും. കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും , വെല്ലുവിളികളും നിരവധിയാണ്. ലൈംഗിക വികാസഘട്ടത്തിലെ ആശങ്കകള്‍, ജിജ്ഞാസകള്‍, പഠനത്തിന്‍റെ പ്രാധാന്യം, കരിയര്‍ കണ്ടെത്തുന്നതിലെ
ആശയക്കുഴപ്പം, സ്വാതന്ത്ര്യവും, അംഗീകാരവും നേടാനുള്ള ശ്രമം എന്നിവയെല്ലാം ഇവര്‍ നേരിടുന്ന പ്രശ്നങ്ങളാണ്. കുട്ടിയുടെ ആവശ്യം അറിഞ്ഞ് ഈ വെല്ലുവിളികളെ നേരിടാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ഇവിടെ ജിജ്ഞാസയുടെ കാര്യമെടുത്താല്‍ ജിജ്ഞാസയ്ക്ക് ഒരു പരിഹാരം കാണാന്‍ കഴിയാതെ വരുമ്പോള്‍ അതിന്‍റെ തീവ്രത വര്‍ധിക്കുന്നു. ഈ അവസരത്തില്‍ കുട്ടികള്‍ നിഗൂഢമായ മാര്‍ഗങ്ങളിലേയ്ക്ക്
തിരിയുന്നു. ലൈംഗികതയുടേയും ലഹരിയുടെയും എല്ലാം കാര്യത്തില്‍ ഇങ്ങനെയാണ് കുട്ടികള്‍ അസാന്‍മാര്‍ഗികമായ സാഹചര്യങ്ങളില്‍ വീണുപോകുന്നത്. വികാരങ്ങളെ അടിച്ചമര്‍ത്താതെ പുറത്തേക്കു പോകാന്‍ അനുവദിച്ചാല്‍ മാത്രമേ പക്വതയും അച്ചടക്കവുമുള്ള ഒരു വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ സാധിക്കൂ. ജിജ്ഞാസപോലുള്ള വികാരങ്ങള്‍ അനുയോജ്യവും, സ്വീകാര്യവുമായ മാര്‍ഗങ്ങളിലൂടെ തിരിച്ചുവിടണം. ഭയം ഉള്ള
കുട്ടിക്ക് ആരോടെങ്കിലും ഉള്ളു തുറന്ന് സംസാരിക്കാന്‍ അവസരം നല്‍കണം. നിഷേധാത്മക നിലപാടുള്ള കുട്ടികളെ വാശിയേറിയ മത്സരങ്ങളിലേയ്ക്കോ, കളികളിലേയ്ക്കോ തിരിച്ചുവിടാം. സന്തോഷം, സഹാനുഭൂതി, സ്നേഹം എന്നീ ഭാവങ്ങളെ മനുഷ്യ നډയുടെപാതയിലേക്ക് തിരിച്ചുവിടാം. കൗമാരപ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി അതിനെ ഫലപ്രദമായി നേരിടാനുള്ള സാഹചര്യങ്ങളും സാധ്യതകളും ഒരുക്കേണ്ടത്
രക്ഷിതാക്കളുടേയും സമൂഹത്തിന്‍റെയും കടമയാണ്. മാതാപിതാക്കളുടെയും, അധ്യാപകരുടെയും,
സമൂഹത്തിന്‍റെയും അനാവശ്യമായ നിയന്ത്രണവും ഇടപെടലുകളും കുട്ടികളില്‍ അന്ത:സംഘര്‍ഷങ്ങള്‍ക്കും, അബദ്ധധാരണകള്‍ക്കും, കുറ്റബോധത്തിനും ഇടയാക്കും. ഈ പ്രായത്തില്‍ സ്വാതന്ത്ര്യം, പദവി, അംഗീകാരം, സ്നേഹം, നൂതന അനുഭവങ്ങള്‍ എന്നിവയ്ക്കുള്ള ആഗ്രഹം വളരെ കൂടുതല്‍ ആയിരിക്കും. കുടുംബം,
അധ്യാപകര്‍, സുഹൃത്തുക്കള്‍, സമൂഹം എന്നിവിടങ്ങളില്‍ നിന്നാണ് ഇതെല്ലാം ലഭിക്കേണ്ടത്. അതുകൊണ്ടു
തന്നെ മുതിര്‍ന്നവര്‍ കുറേക്കൂടി പക്വതയോടുകൂടി വേണം കുട്ടികളോട് ഇടപെടുന്നത്. കൗമാരപ്രായക്കാരോട് യുദ്ധത്തിനൊരുങ്ങാതെ പരിഗണനയോടും, ക്ഷമയോടും,അനുകമ്പയോടും കൂടിയുള്ള ഒരു സമീപനമാണ് വേണ്ടത്. അവരുടെ വളര്‍ച്ച ഒരു പരീക്ഷണമാക്കാതെ വളര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കാതെ, ക്രിയാത്മകതയോടും, ദീര്‍ഘവീക്ഷണത്തോടും കൂടിനമുക്ക് അവരെ സമീപിക്കാം. അതുവഴി നാളെയുടെ ഉത്തമവ്യക്തികളായി വളരാന്‍ നമുക്ക് അവരെ സഹായിക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759187