ഗ്രേറ്റാ തുന്‍ബെര്‍ഗ്- ഭാവി ലോകത്തിന്‍റെ പോരാളി

മനുഷ്യാവകാശ പുരസ്കാരമായ 'റൈറ്റ് ലൈവ് ലി ഹുഡ്' പുരസ്കാരം ഗ്രേറ്റയ്ക്കു ലഭിച്ചു. ത്വരിതഗതിയിലുള്ള കാലാവസ്ഥ നടപടികള്‍ക്കായി രാഷ്ട്രീയത്തില്‍ ചെലുത്തുന്ന പ്രചോദനം കണക്കിലെടുത്താണ് ഇതുനല്‍കിയത്. ബദല്‍ നൊബേല്‍ പുരസ്കാരമായി ഇതു കണക്കാക്കപ്പെടുന്നു. അതുപോലെ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ അംബാസിഡര്‍ ഫോര്‍ കണ്‍സൈന്‍സ് പുരസ്കാരവും ഗ്രേറ്റ നേടി. സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ 2003 ല്‍ ഗ്രേറ്റ ജനിച്ചു. ആസ്പര്‍ഗര്‍ സിന്‍ഡ്രോം എന്ന രോഗത്തിന്‍റെ പിടിയിലാണ് ഗ്രേറ്റ. കാലാവസ്ഥ വ്യതിയാനങ്ങളെപ്പറ്റി കൂടുതല്‍ ചിന്തിക്കാനിടയായത് ഈ രോഗമാണെന്ന് ഗ്രേറ്റ പറയുന്നു. ഗ്രേറ്റ മുന്നോട്ടു വയ്ക്കുന്ന പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. വെറും 16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍, ലോകത്തിന്‍റെ ഭാവിയെ സംബന്ധിച്ച് ഗൗരവമായ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ കഴിയുമെങ്കില്‍ നാമും ഉണര്‍ന്നേ പറ്റൂ. സ്വന്തമായ ഭാവി മാത്രം ലക്ഷ്യമാക്കി ഓടുന്നവര്‍ ഒരു കാര്യം മനസ്സിലാക്കിയേ പറ്റൂ. ലോകം നിലനിന്നാല്‍ മാത്രമേ നമുക്കും നല്ലൊരു ഭാവി ജീവിതം പ്രത്യാശിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സമരമുറയിലേക്ക് ഗ്രേറ്റ മുന്നിട്ടിറങ്ങാന്‍ കാരണം 262 വര്‍ഷത്തിനിടെ സ്വീഡനിലുണ്ടായ ഏറ്റവും വലിയ ഉഷ്ണതരംഗവും കാട്ടുതീയും കണ്ടതിനാലാണ്. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്നു വിട്ടു നിന്ന് പാര്‍ലമെന്‍റിന്‍റെ മുന്‍പില്‍ കുത്തിയിരുന്നാണ് തന്‍റെ പ്രതിഷേധം ആരംഭിച്ചത് 'കാലാവസ്ഥയ്ക്കുവേണ്ടിയുള്ള സ്കൂള്‍ സമരം' എന്ന് അവളുടെ ബോര്‍ഡില്‍ തെളിഞ്ഞു കണ്ടു.
നാളുകള്‍ക്കുള്ളില്‍ വെള്ളിയാഴ്ചകളില്‍ ധാരാളം കുട്ടികളും യുവാക്കളും അവളോടൊപ്പം ചേര്‍ന്നു. പിന്നീട്' ഭാവിക്കുവേണ്ടിയുള്ള വെള്ളിയാഴ്ചകള്‍' എന്ന പേരില്‍ നിരവധി രാജ്യങ്ങളില്‍ കുട്ടികള്‍ ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഏതാണ്ട് 20 ലക്ഷത്തിലധികം കുട്ടികള്‍ ഇതിന്‍റെ ഭാഗമായി മാറി. ഇപ്പോള്‍ ഒരു വര്‍ഷം സ്കൂളില്‍ നിന്നും ലീവെടുത്താണ് ഗ്രേറ്റ തന്‍റെ സമരവുമായി നീങ്ങുന്നത്. പാരീസ് ഉടമ്പടിയില്‍ എടുത്ത ഒരു തീരുമാനം കാര്‍ബണ്‍ കുറയ്ക്കണമെന്നതായിരുന്നു. എന്നാല്‍ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ഇതില്‍ നിന്നു പിന്നോക്കം പോയി. ഗ്രേറ്റയുടെ പോരാട്ടം അവരുടെ കണ്ണു തുറക്കാന്‍ കാരണമാകുമെന്ന് നമുക്ക് വിശ്വസിക്കാം. വികസനം മാത്രം മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നാം ചുറ്റും കാണുന്നത്. കാടുകള്‍ കുറയുന്നത് കാര്‍ബണിന്‍റെ അളവു കൂട്ടും. ആവശ്യത്തിനു പച്ചപ്പുകള്‍ സംരക്ഷിക്കപ്പെടണം. ഭരണകൂടങ്ങള്‍ ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതുകൊണ്ടാണ് ഗ്രേറ്റയെേപ്പാലുള്ള കുട്ടികള്‍ ഇതേറ്റെടുക്കുന്നത്. ഇന്നത്തെ തോതില്‍ കാര്‍ബണ്‍ നിര്‍ഗമിച്ചാല്‍ ലോകത്തിന്‍റെ ഭാവി അപകടത്തിലാണ്. ഭാവിയുടെ ഈ അപകടാവസ്ഥയിലേക്ക് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന അവബോധം നമ്മുടെ നാട്ടിലും കുട്ടികളിലുണ്ടാകണം. ഗ്രേറ്റ തുടങ്ങിയ ദൗത്യം നമ്മുടെയും പ്രശ്നമാണ്. അതിനുവേണ്ടിയുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും ഇവിടെയും കുട്ടികളില്‍ ഉരുത്തിരിയട്ടെ.

സ്കൂള്‍ സ്ട്രൈക്ക് ഫോര്‍ ക്ലൈമറ്റ്

2018 ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്‍റിനു മുന്നില്‍ നടന്ന ഒരു സമരം ലോകശ്രദ്ധ പിടിച്ചുപറ്റി. കാലാവസ്ഥയ്ക്കു നീതി വേണം എന്ന പ്ലക്കാര്‍ഡുമായി ഒരു പെണ്‍കുട്ടി സമരം ചെയ്യുന്നു! ഈ വാര്‍ത്ത അനേകം രാജ്യങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ 'സ്കൂള്‍ സ്ട്രൈക്ക് ഫോര്‍ ക്ലൈമറ്റ്' സമരമുറയുമായി രംഗത്തിറങ്ങി. ഇതിനു കാരണക്കാരിയായ സമരനായികയാണ്. ഗ്രേറ്റാതുന്‍ബര്‍ഗ് എന്ന പതിനാറുകാരി. ലോകത്ത് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന്‍റെ അനന്തരഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് ഗ്രേറ്റ ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തി.

യു.എന്നിലെ ശ്രദ്ധേയ പ്രസംഗം

ഇക്കഴിഞ്ഞ സെപ്റ്റംറില്‍ യു.എന്‍. കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രേറ്റ ലോകനേതാക്കളുടെ നേരെ അതീവരോഷത്തോടെയാണ് ചോദ്യമെറിഞ്ഞത് "ഇതെല്ലാം എന്‍റെ തെറ്റാണ് ഞാന്‍ ഇവിടെ വരേണ്ടതല്ല. ഈ സമയം ഞാന്‍ സ്കൂളില്‍ ആയിരിക്കേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പോലുള്ളകുട്ടികള്‍ക്കരികിലേക്ക് നിങ്ങള്‍ എത്തുന്നു, പ്രതീക്ഷ തേടി... നിങ്ങള്‍ക്കിതിന് എങ്ങനെ ധൈര്യം വന്നു? പൊള്ളയായ വാക്കുകള്‍കൊണ്ട് നിങ്ങള്‍ കവര്‍ന്നത് എന്‍റെ സ്വപ്നങ്ങളാണ്. കൊടുംനാശത്തിന്‍റെ വക്കില്‍ നമ്മള്‍ എത്തിയിരിക്കുന്നു. എന്നിട്ടും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും ധനത്തെപ്പറ്റിയുമൊക്കെ കെട്ടുകഥകള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു?" ഒരു പതിനാറു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ലോകനേതാക്കളുടെ നേരെ നോക്കി ഇങ്ങനെ സംസാരിച്ചതെന്നോര്‍ക്കണം


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967767