ആത്മവിശ്വാസം

ക്ലാസ്സില്‍ ഒരു മീറ്റിങ് സംഘടിപ്പിക്കുന്നു. പ്രസംഗത്തിന് ആള്‍വേണം, പാട്ടുപാടാന്‍ വേണം, സ്വാഗതം, നന്ദി, ഉദ്ഘാടനം, ഏതെങ്കിലും കലാപരിപാടികള്‍ എന്നിവയ്ക്കൊക്കെ ആരെങ്കിലും വേണം. എന്നാല്‍ മുന്നോട്ടു വരാന്‍ പലര്‍ക്കും മടിയായിരിക്കും. പലരെയും നിര്‍ബന്ധം ചെലുത്തിയാണ് ഓരോ പരിപാടിക്കും ഉള്‍ക്കൊള്ളിക്കുന്നത്. എന്താണിതിനു കാരണം? തങ്ങളുടെ കഴിവിലും ശക്തിയിലും സര്‍ഗാത്മകതയിലുള്ള വിശ്വാസമില്ലായ്മയാണ് അടിസ്ഥാന കാരണം. എനിക്ക് ആ കഴിവുണ്ടോ,അത് ചെയ്താല്‍ ശരിയാകുമോ, മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്നൊക്കെ ചിന്തിക്കുമ്പോള്‍ പുറകോട്ടു വലിയാനാണ് തോന്നുക. ആര്‍ക്കും കഴിവുകള്‍ ഒരു നിമിഷത്തില്‍ കിട്ടിയതല്ലെന്ന് ഓര്‍മിക്കണം. നമ്മില്‍ കുടികൊള്ളുന്ന കഴിവുകള്‍ നിന്തരമായ പരിശീലനത്തിലൂടെയാണ് വളരുന്നത്. അനാവശ്യമായ ഭയമാണ് ആത്മവിശ്വാസത്തെ കുറയ്ക്കുന്നത്. ഇങ്ങനെയുള്ളവര്‍ ഒരു കാര്യത്തിനും മുന്നോട്ട് വരില്ല. തികഞ്ഞ നിസ്സംഗഭാവമായിരിക്കും എപ്പോഴും. ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത് എത്രമാത്രം വീണുകഴിഞ്ഞിട്ടാണെന്നു ചിന്തിച്ചാല്‍ മാത്രം മതി, ആത്മവിശ്വാസം വളര്‍ത്താന്‍. എന്തെങ്കിലും ചെയ്യാന്‍ കിട്ടുന്ന ഒരവസരവും നാം നഷ്ടപ്പെടുത്തരുത്. മാറിനില്‍ക്കുന്നവര്‍ ജീവിതത്തിലുടനീളം അതു പിന്തുടരുക തന്നെ ചെയ്യും. ഒരവസരത്തില്‍ പോലും മുന്നോട്ടു വരാന്‍ അവര്‍ക്കാകില്ല. ജോലിയില്‍ ഉന്നത സ്ഥാനത്തെത്തിയിട്ടും ചെറിയൊരു പ്രസംഗം പോലും പറയാന്‍
കഴിയാത്തവരെ കണ്ടിട്ടുണ്ട്. ഔദ്യോഗിക ജോലിയുടെ ഭാഗമായി സമൂഹത്തോടുരണ്ടുവാക്കു പറയാന്‍ കിട്ടുന്ന അവസരത്തില്‍പോലും വെപ്രാളപ്പെടുന്നവരെയും കാണാം.സ്കൂള്‍തലത്തില്‍ തന്നെ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. എന്തെങ്കിലും സംഘടിപ്പിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളെ തിരസ്കരിക്കരുത്. പില്കാല ജീവിതത്തിനു മുതല്ക്കൂട്ടായ അനേകം അറിവുകള്‍ പ്രദാനം ചെയ്യുന്നത് ഇത്തരം
സാഹചര്യങ്ങളാണ്. മാര്‍ക്കിനെക്കാളുപരി നിരവധി കഴിവുകളുള്ളവരെയാണ് ഇന്ന് ജോലിക്കു പരിഗണിക്കുന്നതെന്ന കാര്യം നാം അവഗണിക്കരുത്. ജോലിക്കു മാത്രമല്ല, സമൂഹത്തെ നിയന്ത്രിക്കേണ്ട
ചുമതലകളും തേടിയെത്തുന്നത് ഇത്തരക്കാരെയാണ്.
ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശയാണു ഫലം. അബ്രഹാം ലിങ്കണ്‍, തോമസ് ആല്‍വാ എഡിസണ്‍ തുടങ്ങിയവരുടെ ജീവചരിത്രം വായിക്കുന്നത് ആത്മവിശ്വാസെ ത്ത ഉജ്ജ്വലിപ്പിക്കും. തോല്‍ക്കുമെന്നോര്‍ത്ത് പുറകോട്ടു നില്‍ക്കുന്നവര്‍ ആത്മവിശ്വാസത്തിന്‍റെ അഭാവത്താലാണ് അങ്ങനെ ചെയ്യുന്നത്. സ്കൂള്‍ തലത്തില്‍ എത്രയധികം അവസരങ്ങളാണ് നമുക്ക് ലഭിക്കുന്നത്. കിട്ടിയ അവസരങ്ങളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതാണ് ആത്മവിശ്വാസം വളര്‍ത്താനുള്ള പ്രധാന പരിപാടി.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759174