കൊളംബസും അഭിലാഷ് ടോമിയും


അമേരിക്ക എന്ന വന്‍കരയെ കണ്ടെത്തിയ കൊളംബസറും ആധുനിക കാലത്ത് പായ്വഞ്ചിയിലൂടെ ഒറ്റയ്ക്ക് ഭൂമിക്കു വലംവച്ച അഭിലാഷ് ടോമിയും നമുക്കു തരുന്ന സന്ദേശങ്ങള്‍ പ്രതീക്ഷയുടെയും നിരന്തരമായ അധ്വാനത്തിന്‍റെയുമാണ്. നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലെന്നു ലോകം കരുതിയ പദ്ധതികളെയാണ് ഇവര്‍ വിജയത്തിലെത്തിച്ചത്. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള തികഞ്ഞ ഇച്ഛാശക്തി ഇവര്‍ക്കുണ്ടായിരുന്നു. വരാനുള്ള പ്രതിബന്ധങ്ങളെ മാത്രം നോക്കിയിരുന്നാല്‍ ലോകത്ത് ഒന്നും സംഭവിക്കുമായിരുന്നില്ലെന്ന് ഇവരുടെ ജീവിതകഥ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ലാഭനഷ്ടക്കണക്കുകള്‍ നോക്കിയിരുന്നാല്‍ ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാന്‍ കഴിയുകയില്ലെന്ന് കൊളംബസിന്‍റെ ജീവിതത്തിലുണ്ടായ ഒരു സംഭവം നമ്മെ അനുസ്മരിപ്പിക്കുന്നു. 1491 ഡിസംബര്‍ മാസത്തില്‍ സ്പെയിനിലെ ഫെര്‍ഡിനാന്‍റു രാജാവുമായി കൊളംബസ് കൂടിക്കാഴ്ച നടത്തുകയാണ്. കൊളംബസിന്‍റെ പ്രധാന ആവശ്യം ഇതായിരുന്നു: സ്പെയിനിനുവേണ്ടി പുതിയ സ്ഥലങ്ങള്‍ കണ്ടത്താന്‍ താനാഗ്രഹിക്കുന്നു. അതിനാവശ്യമായ സാമ്പത്തിക സഹായം രാജാവു തരണം. ധാരാളം ആള്‍ക്കാരുമായുള്ള നീണ്ട കപ്പല്‍ യാത്രയാണ്. മാസങ്ങള്‍ നീണ്ടു നിന്നേക്കാം.
ഇതിനു രാജാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ഈ കപ്പല്‍ യാത്രയില്‍ പരാജയപ്പെട്ടാല്‍ സ്പെയിനിനുണ്ടാകാവുന്ന നഷ്ടം എത്ര വലുതാണെന്നറിയാമോ?"
ഇതിനു മറുപടിയായി കൊളംബസ് പറഞ്ഞു. "രാജാവേ, ഈ യാത്ര വിജയിച്ചാല്‍ സ്പെയിനിനുണ്ടാകുന്ന നേട്ടത്തെപ്പറ്റി മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. കോട്ടങ്ങള്‍ എന്‍റെ മനസ്സില്‍ വരുന്നില്ല"
ഇതു കേട്ടുകൊണ്ടുനിന്ന രാജപത്നി ഇസബെല്ല രാജാവിനോട് ഇങ്ങനെ പറഞ്ഞു: "പ്രിയ ഫെര്‍ഡിനാന്‍റ്, കൊളംബസിന്‍റെ ആവശ്യം നിര്‍വഹിച്ചുകൊടുക്കുക. അദ്ദേഹത്തിന്‍റെ യാത്ര പരാജയപ്പെട്ടാല്‍ കുറച്ചു ധനം നമുക്കു നഷ്ടപ്പെടും വിജയിച്ചാല്‍ സ്പെയിനിന്‍റെ അതിര്‍ത്തികള്‍ എത്രയോ വികസിക്കും. ഇതുകേട്ട രാജാവ് കൊളംബസിന്‍റെ ആവശ്യം നിര്‍വഹിച്ചുകൊടുക്കുകയും അദ്ദേഹം തന്‍റെ ലക്ഷ്യം നിറവേറ്റുകയും ചെയ്തു. അത് ലോകചരിത്രത്തെ എത്രമാത്രം മാറ്റിമറിച്ചെന്ന് നമുക്കറിയാവുന്നതാണ്.
ഒറ്റയ്ക്കു പായ് വഞ്ചിയില്‍ ലോകം ചുറ്റുമ്പോള്‍ പ്രതിബന്ധങ്ങള്‍ മാത്രമാണ് അഭിലാഷ് ടോമിക്കു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, എത്ര ശക്തമായ കൊടുങ്കാറ്റിനെയും രാക്ഷസ തിരകളെയും അതിജീവിക്കാന്‍ പറ്റിയ ഇച്ഛാശക്തി അദ്ദേഹത്തിന്‍റെ മനസ്സിനുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്‍റെ ഇച്ഛാശക്തിയെയും ധൈര്യത്തെയും ലോകം ആദരിക്കുന്നു.
പൂര്‍ണതയുള്ള ആരും ഇവിടെയില്ല. ഏതെങ്കിലും കുറവുകളില്ലാത്ത ആരും തന്നെയില്ല. കുറവുകളെ നോക്കിയിരുന്ന ഒന്നിനും മുന്നിട്ടിറങ്ങാന്‍ നമുക്ക് കഴിയില്ല. നമ്മിലെ ബലഹീനതകളെ കണ്ടെത്തി അവ എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുക. കുറവുകള്‍ മനസ്സിലാക്കി ഓരോന്നും പരിഹരിക്കപ്പെടുമ്പോള്‍ പൂര്‍ണതയിലേക്കു നാം നയിക്കപ്പെടുകയാണ്. മെച്ചപ്പെട്ട ഒരു ജീവിതമാണ് അതു നമുക്ക് വാഗ്ദാനം ചെയ്യുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967652