പഠനത്തെ എങ്ങനെ നേരിടാം



സെബിന്‍ എസ് കൊട്ടാരം

പഠിക്കാന്‍ ആരംഭിക്കുന്നവര്‍ ആദ്യമായി ഒരു ടൈംടേബിള്‍ സ്വയം തയ്യാറാക്കണം. ആവശ്യത്തിന് വെളിച്ചമുള്ള ഭാഗത്തിരുന്നേ പഠിക്കാവൂ. വിദ്യാര്‍ഥികള്‍ പഴയ ചോദ്യകടലാസുകള്‍ പരിശോധിച്ച് അവ പഠിക്കുന്നത് പരീക്ഷയ്ക്ക് വളരെയേറെ സഹായകരമാവും. പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്ന രീതി മനസ്സിലാക്കുന്നതോടൊപ്പം ചില ആവര്‍ത്തന ചോദ്യങ്ങള്‍ക്ക് എളുപ്പം ഉത്തരം എഴുതുവാനും സാധിക്കും. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ട പോയിന്‍റുകള്‍ ഒരു ബുക്കില്‍ എഴുതി സൂക്ഷിക്കൂ. അത് ഇടയ്ക്കിടെ ആവര്‍ത്തിച്ചു വായിക്കുക.

ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഒരു വ്യായാമം
നന്നായി കൂര്‍പ്പിച്ച ഒരു പെന്‍സില്‍ എടുക്കുക. അതിന്‍റെ കൂര്‍ത്ത അഗ്രത്തിലേക്ക് സൂക്ഷിച്ചുനോക്കുക. പെന്‍സിലോ പേനയോ കഴിയുന്നതും മുഖത്തു നിന്ന് അകത്തി പിടിക്കുക. കണ്ണില്‍ കൂടി വെള്ളം വരുന്നതുവരെ ഇങ്ങനെ നോക്കാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കുറഞ്ഞത് അഞ്ചുമിനിട്ടും കൂടിയത് പത്തുമിനിട്ടും ഇങ്ങനെ ഒരാഴ്ച ചെയ്യുക. ഒരാഴ്ചക്കുശേഷം പേന/ പെന്‍സിലോടുകൂടി കൈ കണ്ണിനുനേരെ അടുപ്പിച്ചു കൊണ്ടു വരുക. അപ്പോഴും ശ്രദ്ധ പേനയുടെ പോയിന്‍റില്‍ തന്നെ കേന്ദ്രീകരിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ഒരു മാസംചെയ്താല്‍ നിങ്ങള്‍ക്ക് പഠനത്തില്‍ ഉള്ള ശ്രദ്ധ വര്‍ധിക്കുന്നതായി തോന്നും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്ത് പേനയുടെ പോയിന്‍റ് മാത്രം കാണുന്ന അവസ്ഥയുണ്ടാകുമ്പോള്‍ എത്ര വലിയ ശബ്ദകോലാഹലങ്ങളുടെ മധ്യത്തിലിരുന്നാണെങ്കില്‍ കൂടി ശ്രദ്ധയോടുകൂടി പഠിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയും.

പഠിക്കുന്ന വ്യക്തികള്‍ക്ക് അത്യാവശ്യം വേണ്ടകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
1. അതീവ ജാഗ്രത
2. ധൈര്യം
3. ഭക്ഷണനിയന്ത്രണം
4. ടൈംടേബിള്‍
5. ആത്മവിശ്വാസം
6. ശുഭാപ്തി വിശ്വാസം

നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന പല കാര്യങ്ങളുണ്ട്
1. പുറമേ നിന്നുള്ള ശബ്ദം
2. താത്പര്യമില്ലായ്മ
3. ദിവാസ്വപ്നം കാണല്‍
4. പഠിക്കുമ്പോള്‍ വരുന്ന ഉറക്കം
5. ഓര്‍മക്കുറവ്

1) പുറമെ നിന്നുള്ള ശബ്ദം
1. ടി.വി, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍ മുതലായവയില്‍ നിന്നുമുള്ള, നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ശബ്ദം നിയന്ത്രിക്കുക
2. അടുത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഉറക്കെ വായിച്ചു പഠിക്കുക
3. സ്വന്തമായി ടേപ് റിക്കോര്‍ഡ് ഉള്ളവര്‍ ഉപകരണ സംഗീത കാസ്റ്റുകള്‍ (ക്ലാസിക്) കേട്ടുകൊണ്ട് വായിക്കുക (ഇതൊരു ശീലമാക്കരുത്)
4. വളരെ ചെറിയ അക്ഷരത്തില്‍ എഴുതി പഠിക്കുക
5. നടന്നു പഠിക്കുക.
2) താത്പര്യമില്ലാത്ത പഠനം
1. വിദ്യാഭ്യാസമില്ലാത്ത വ്യക്തിക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും പഠിക്കേണ്ടത് തന്‍റെ കര്‍ത്തവ്യവും ആവശ്യവുമാണെന്ന് മനസ്സിലാക്കി പഠിക്കുക.
2. പഠിക്കുവാന്‍ സമര്‍ഥരായ വ്യക്തികളുമായി സൗഹൃദം ഉണ്ടാക്കുക.
3. പഠിച്ച കാര്യങ്ങള്‍ വച്ച് ചെറിയ കണ്ടുപിടിത്തങ്ങള്‍ നടത്തുക.
4. നമ്മുടെ ക്രിയാത്മകയായ ആശങ്ങള്‍ നശിപ്പിക്കുന്ന കളികളില്‍ നിന്നും പൂര്‍ണമായും അകന്നു നില്‍കുക. ഇത്തരം കളികള്‍ കളിക്കുന്നതിനേക്കാള്‍ അപകടം കാണുന്നതാണ്. ഭാവിയില്‍ എന്‍ജിനീയര്‍മാരും ഐഎഎസ് ഓഫീസര്‍മാരുമായി തിളങ്ങേണ്ട പല പ്രതിഭകളും ക്രിക്കറ്റ് പോലുള്ള വിനോദങ്ങളിലും ഇന്‍റര്‍നെറ്റ് ചാറ്റിംഗിലുമെല്ലാം കുരുങ്ങി സമയം പാഴാക്കികളയുന്നു.

3) ദിവാസ്വപ്നം കാണല്‍
പലപ്പോഴും പകല്‍നേരം കണ്ട സിനിമ പോസ്റ്ററുകളിലെയും പൈങ്കിളി മാസികകളിലെയും വെബ്സൈറ്റുകളിലെയും ദൃശ്യങ്ങളാണ് ദിവാസ്വപ്നങ്ങളായി നിങ്ങളുടെ മനസ്സിലേക്ക് ആകസ്മികമായി കടന്നുവരുന്നത്. കൗമാരദശയില്‍ ഹൃദയത്തില്‍ കയറുന്ന വിചാരങ്ങളും ആശയങ്ങളും പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ഹൃദയത്തില്‍ ദിവാസ്വപ്നങ്ങളും മറ്റുപലപ്രശ്നങ്ങളുമുണ്ടാകുന്നത്.
സ്വപ്നം കാണുവാന്‍ തുടങ്ങുമ്പോള്‍ തന്നെ ബുക്ക് മടക്കി എഴുന്നേറ്റ് നടക്കുക. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത് സ്വപ്നം കാടുകയറുന്നത് തടയും. കാണുന്ന ദിവാസ്വപ്നം ഒരിക്കലും യാഥാര്‍ഥ്യമാവില്ല എന്ന സത്യം മനസ്സിലാക്കുക.

4) പഠിക്കുമ്പോള്‍ വരുന്ന ഉറക്കം
1. ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു നിശ്ചിത സമയം ക്രമീകരിക്കുക. (രാത്രി 11 മണി മുതല്‍ 5 മണി വരെയുള്ള 6 മണിക്കൂര്‍ ഉറങ്ങുവാന്‍ നല്ല സമയമാണ്.)
2. രണ്ടുമിനിറ്റ് സമയം കണ്ണാടിയുടെ മുമ്പില്‍ ആംഗ്യങ്ങള്‍ കാണിക്കുക. ശേഷം 2 മിനിറ്റ് നാം കാണിച്ച ആംഗ്യങ്ങള്‍ ഓര്‍ക്കുവാന്‍ ശ്രമിക്കുക. കുറേ നേരത്തേയ്ക്ക് പിന്നീട് ഉറക്കം വരില്ല
3. ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുന്നതും നടന്നു വായിക്കുന്നതും നല്ലതാണ്.
4. നിയന്ത്രിക്കുവാന്‍ പറ്റാത്ത ഉറക്കമാണെങ്കില്‍ 10 അല്ലെങ്കില്‍ 15 മിനിറ്റ് ശരിക്കും നീണ്ട് നിവര്‍ന്ന് കിടന്നുറങ്ങുക. അതേ തുടര്‍ന്ന് ജോലി തുടരുവാന്‍ നല്ല ഉന്‍മേഷം കിട്ടും

5) ഓര്‍മ കുറവ്
1. നല്ല ഓര്‍മശക്തിക്കായി പ്രാര്‍ഥിക്കുക
2. പഠിക്കുവാന്‍ താത്പര്യമുള്ളവരുമായി ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുക.
3. പഠിക്കേണ്ട സൂത്രവാക്യങ്ങള്‍, നിയമങ്ങള്‍ എന്നിവ കിടക്കുമ്പോള്‍ കാണത്തക്ക രീതിയില്‍ ഒട്ടിച്ചുവച്ച് എല്ലാ ദിവസവും അത് വായിക്കുവാന്‍ ശ്രമിക്കുക.
4. ഏറ്റവും വിഷമമുള്ളത് ഉരുവിട്ടുകൊണ്ട് കിടക്കുന്നതും എഴുതി പഠിക്കുന്നതും നല്ലതാണ്.
5. അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് സമയം കളയരുത്

പരീക്ഷയ്ക്കായി നന്നായി പഠിച്ചൊരുങ്ങുകയാണെങ്കില്‍ നാം ഭയപ്പെടേണ്ട ആവശ്യമില്ല. പരീക്ഷയില്‍ ഞാന്‍ ജയിക്കും എന്ന് ഉറച്ചു വിശ്വസിക്കുക. ഇന്‍റര്‍വ്യൂവിന് പോകുമ്പോള്‍ ഈ ജോലിക്ക് ഞാനാണ് ഏറ്റവും യോഗ്യന്‍ എന്ന ചിന്തയുമായി പോകുക. പരീക്ഷ എഴുതുന്നതിന് മുന്‍പ് ഒരു നിമിഷം പ്രാര്‍ഥിക്കുക. പരീക്ഷ നിയമങ്ങള്‍ക്കനുസരിച്ച് ശാന്തമായ മനസ്സോടു കൂടിയും വേണം പരീക്ഷ എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പെങ്കിലും നിശ്ശബ്ദമായി വെറുതെയിരിക്കുന്നത് മനസ്സിന് നല്ല വ്യായാമമാണ്. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് ഒന്നും ഉത്തരക്കടലാസില്‍ എഴുതരുത്. വ്യക്തമായും ഭംഗിയായും വേണം പരീക്ഷ എഴുതാന്‍, ചോദിച്ചതിന് മാത്രം ഉത്തരം എഴുതുക. വിശദീകരണം ചോദിച്ചതിനുള്ള ചോദ്യത്തിന് മാത്രം വിശദീകരിച്ചെഴുതുക. ദൈവത്തിന്‍റെ സഹായത്തില്‍ പൂര്‍ണമായി വിശ്വസിക്കുക. ധൈര്യവും ഈശ്വരദയവും പ്രാര്‍ഥനയും ഉള്ള വ്യക്തിയെ ഈ ലോകത്തിലുള്ള ഒരു ശക്തിക്കും തളര്‍ത്തുവാനോ, പരാജയപ്പെടുത്തുവാനോ ഒരു കാലത്തും സാധ്യമല്ല.

അമിതമായി ഭക്ഷണം കഴിക്കരുത്. രാത്രി 7.30 ന് മുമ്പ് വളരെ കുറച്ച് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ക്ക് നല്ലത്. പിന്നീട് വിശന്നാല്‍ ലഘുഭക്ഷണം കഴിക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ മിതമായ തോതില്‍ വെള്ളം കുടിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967645