ഹോട്ടൽ മാനേജ്മെന്റ് പഠിച്ചാൽ ഗുണം കിട്ടുമോ?
ചോദ്യം: നീറ്റ് ഫലം വന്നതോടെ മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. പ്ലസ്ടുവിനു മാത്സ് പഠിക്കാത്തതു കാരണം എൻജിനീയറിങ്ങിനും ചേരാൻ വയ്യ. സാധാരണ ബിഎസ്സിയിൽ താൽപര്യമില്ല. നല്ല ജോലിസാധ്യതയുള്ള മറ്റു വഴി വല്ലതുമുണ്ടോ?
എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി മുതലായവയിലെപ്പോലെ സങ്കീർണ പഠനവിഷയങ്ങളില്ലാതെ മികച്ച കരിയറിനു വഴിയൊരുക്കുന്ന കോഴ്സാണു ഹോട്ടൽ മാനേജ്മെന്റ്. ഹോട്ടലുകളിൽ മാത്രമല്ല, ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ,വൻകിട വ്യവസായസ്ഥാപനങ്ങൾ തുടങ്ങിയവയിലും അവസരങ്ങൾ ലഭിക്കും. തിയറി പഠനത്തേക്കാൾ മുൻതൂക്കം പ്രാക്ടിക്കലിനാണ്. ഫ്രണ്ട് ഓഫിസ്, ഫുഡ് പ്രൊഡക്ഷൻ, ഹൗസ് കീപ്പിങ്, ഫുഡ് & ബവ്റിജസ് സർവീസ്, പ്രിസർവേഷൻ, ഹൈജീൻ & സാനിറ്റേഷൻ എന്നിവയ്ക്കു പുറമേ ഈ പ്രഫഷന് അത്യാവശ്യം വേണ്ട അതിലളിതമായ എൻജിനീയറിങ്, അക്കൗണ്ടിങ്, മാനേജ്മെന്റ് എന്നിവയും പഠിക്കാനുണ്ട്. ആശയവിനിമയശേഷിയടക്കമുള്ള വ്യക്തിത്വവികസന പാഠങ്ങളുമുണ്ടാകും.
സ്വകാര്യമേഖലയിലടക്കം ദേശീയതലത്തിൽ അറുപതോളം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ത്രിവത്സര ‘ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്സി’ പ്രോഗ്രാമുണ്ട്. ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി’ ജെഇഇ എന്ന പൊതുപരീക്ഷ വഴിയാണു പ്രവേശനം.