ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ

വയനാട് ജില്ലയിൽ നിന്ന് ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന്റെ അസിസ്റ്റന്റ് കളക്ടർ. 410 – ാം റാങ്കിലൂടെയാണ് ശ്രീധന്യ സിവിൽ സർവീസ് പട്ടികയിലെത്തിയത്.അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കുമ്പോള്‍ അത് കേരളത്തിനാകെ അഭിമാന നിമിഷമായി മാറുന്നു. വയനാട് ഇടിയംവയൽ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
വയനാട് പൊഴുതനയിലുള്ള ഇടിയംവയൽ ഗ്രാമത്തിന്റെയും സ്വന്തം ജീവിതത്തിന്റെ പരിമിതികളിൽനിന്ന് ശ്രീധന്യ അനന്യമായ ഈ വിജയം കൈവരിച്ചത്. തൊഴിലാളികളായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻപോലും പണമുണ്ടായിരുന്നില്ല.
ഒടുവിൽ സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തികശേഷി പോലും മാതാപിതാക്കൾക്ക് ഇല്ലായിരുന്നു. ശ്രീധന്യയുടെ പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യമോ അതു വായിക്കാൻ വേണ്ടത്ര വെളിച്ചമോ പോലും അവളുടെ വീട്ടിലില്ലായിരുന്നു. മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചാണ് ഈ പെൺകുട്ടി ഇന്ന് അസിസ്റ്റന്റ് കളക്ടർ എന്ന പദവിയിലെത്തിയിരിക്കുന്നത്.
തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ, തരിയോട് നിർമലാ ഹൈസ്കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽ നിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു 2014 ൽ ബിരുദാനന്തര ബിരുദവും നേടി.
പിന്നീട് 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. അക്കാലത്താണ് മാനന്തവാടി സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ ശ്രീധന്യ കാണുന്നത്. ആദ്യമായി നേരിൽക്കാണുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. സിവിൽ സർവീസ് വിജയികൾക്കു സമൂഹം നൽകുന്ന ബഹുമാനവും സ്നേഹവും കണ്ടപ്പോൾ അവൾ മനസ്സിലുറപ്പിച്ചു: എനിക്കും ഐഎഎസ് നേടണം. അങ്ങനെയാണ് ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്ത് പരിശീലനത്തിനെത്തുന്നത്.
തിരുവനന്തപുരം മണ്ണന്തലയിലെ സിവിൽ സർവീസ് അക്കാദമിയിൽ സർക്കാർ ധനസഹായത്തോടെയായിരുന്നു പഠനം. പിന്നീട് ഫോർച്യൂൺ അക്കാദമിയിൽ ചേർന്നുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ലക്ഷ്യം കണ്ടത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967760