എംജി സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകൾ


പ്ലസ് ടുവിന് ശേഷം ഏതു ബിരുദ പ്രോഗ്രാം തെരഞ്ഞെടുക്കണമെന്ന ആശങ്ക പലപ്പോഴും വിദ്യാർഥികളെ അലട്ടാറുണ്ട്. വിദ്യാർഥിക്ക് വിഷയത്തിലുള്ള അഭിരുചിയാണ് പ്രധാനം. ജോലി, ഗവേഷണ സാധ്യതകൾ കൂടി പരിഗണിച്ചാണ് മിക്കവരും പ്രോഗ്രാം തെരഞ്ഞെടുക്കുക. പരമ്പരാഗത പ്രോഗ്രാമുകൾക്കൊപ്പം (കോഴ്സ്) നൂതനവിഷയങ്ങളിലുള്ള വിവിധ പ്രോഗ്രാമുകളും തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദതലത്തിൽ പരമ്പരാഗത പ്രോഗ്രാമുകളോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരമ്പരാഗത പ്രോഗ്രാമുകൾക്കാണ് അപേക്ഷകർ കൂടുതൽ മൂന്നുവർഷമാണ് ഡിഗ്രി പ്രോഗ്രാമുകളുടെ പഠന കാലയളവ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നൂതന വിഷയങ്ങളിലടക്കം വിവിധ പ്രോഗ്രാമുകൾ ലഭ്യമാണ്. എം.ജി. സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ്കോളജുകൾ മുഖേന ബിരുദതലത്തിൽ 130 വിവിധ ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്.
സർവകലാശാലയുടെ ഏകജാലക സംവിധാനമായ കേന്ദ്രീകൃത പ്രവേശന സംവിധാനം (ക്യാപ്) വഴിയാണ് സീറ്റ് അലോട്ട്മെന്റ് നടക്കുക. ക്യാപിലൂടെ 32,264 സീറ്റിലേക്കാണ് പ്രവേശനം. ഇതുകൂടാതെ 22,852 മാനേജ്മെന്റ് സീറ്റും 1,893 കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുമുണ്ട്. സ്വയംഭരണ കോളജുകളിലേക്കുള്ള പ്രവേശനം അതത് കോളജുകൾ നേരിട്ടാണ് നടത്തുക.
ബി.എ.യ്ക്ക് വിവിധ വിഷയങ്ങളിൽ 40 കോഴ്സുകളുണ്ട്. പരമ്പരാഗത കോഴ്സുകൾക്കു പുറമേ നൂതനമായ ഒട്ടേറെ കോഴ്സുകളുമുണ്ട്. മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് - 6,901, മാനേജ്മെന്റ് - 3,131, കമ്മ്യൂണിറ്റി - 639 എന്നിങ്ങനെയാണ് സീറ്റ്. ബി.എ. പ്രോഗ്രാമുകളിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം വിഷയങ്ങൾക്കാണ് കൂടുതൽ അപേക്ഷ ലഭിക്കാറുള്ളത്. അറബിക്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളും തെരഞ്ഞെടുക്കാം. തൊഴിലധിഷ്ഠിതമെന്ന നിലയിൽ ബി.എ. വിഷ്വൽ ആർട്സ്(ഇന്റീരിയർ ഡിസൈൻ), വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രോഗ്രാമുകളുണ്ട്. ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിനൊപ്പം കോപ്പി എഡിറ്റർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജേണലിസം, ടീച്ചിങ് വിഷയങ്ങളുൾപ്പെട്ട പ്രോഗ്രാമുകളുണ്ട്. കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം കൂടി ഉൾപ്പെട്ട ട്രിപ്പിൾ മെയിനും കമ്മ്യൂണിക്കേഷൻ ഉൾപ്പെട്ട ഡബിൾ മെയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പ്രോഗാമുകളുമുണ്ട്.
സയൻസ് വിഷയങ്ങളിൽ സൈബർ ഫോറൻസിക്, ജിയോളജി ആൻഡ് വാട്ടർമാനേജ്മെന്റ്, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ മെയിന്റനൻസ്, മൈക്രോബയോളജി, ബയോടെക്നോളജി എന്നീ നൂതന വിഷയങ്ങളടക്കം അടക്കം 41 ബി.എസ് സി. പ്രോഗ്രാമുകളുണ്ട്. ബി.എസ്സി.യ്ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് - 8,261, മാനേജ്മെന്റ് - 4,181, കമ്മ്യൂണിറ്റി ക്വാട്ട - 822 എന്നിങ്ങനെയാണ് സീറ്റ്. ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, മാത്തമാറ്റിക്സ്, ജിയോളജി വിഷയങ്ങളിൽ പരമ്പരാഗത പ്രോഗ്രാമുകളുണ്ട്. ബോട്ടണിയിൽ ബയോടെക്നോളജി കൂടി ഉൾപ്പെട്ട ഡബിൾ ഡിഗ്രി പ്രോഗ്രാമുണ്ട്. കെമിസ്ട്രിയിൽ പെട്രോക്കെമിക്കൽസ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലും കോഴ്സുകളുണ്ട്. ഫിസിക്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് എക്യുപ്മെന്റ് മെയിന്റനൻസ് എന്നീ വിഷയങ്ങളിലും വിവിധ കോഴ്സുകൾ ലഭ്യമാണ്. സുവോളജിയിൽ ഇൻഡസ്ട്രിയൽ മൈക്രോബയോളജി ഉൾപ്പെടുന്ന ഡബിൾ മെയിൻ കോഴ്സും അക്വകൾച്ചർ, മെഡിക്കൽ മൈക്രോബയോളജി എന്നീ വിഷയങ്ങളിലുള്ള കോഴ്സും പഠിക്കാം.
ഏറെ അപേക്ഷകരുള്ള കോഴ്സാണ് ബി്.കോം. 16 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ് ഏറ്റവുമധികം സീറ്റ് - 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്. ഫിനാൻസ് ആൻഡ് ടാക്സേഷൻ, കോ-ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാർക്കറ്റിങ്, ട്രാവൽ ആൻഡ് ടൂറിസം, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് എന്നീ വിഷയങ്ങളിൽ ബി.കോ. ചെയ്യാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754359