സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാത്തീയതികൾ
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷ ആരംഭിക്കുന്ന തീയതിയ്ക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. എന്നാൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂൺ 14-നെ അവസാനിക്കൂ. മുൻ ടൈംടേബിൾ പ്രകാരം ജൂൺ 11 വരെയായിരുന്നു പരീക്ഷ. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് മേയ് 13,14 തീയതികളിൽ പരീക്ഷയുണ്ടാകില്ല.പുതുക്കിയ തീയതികൾ പ്രകാരം പന്ത്രണ്ടാം ക്ലാസ്സിലെ ഫിസിക്സ്, മാത്സ് പരീക്ഷകൾ മേയ് 13, 31 തീയതികളിൽ നടക്കും. നേരത്തെയിത് ജൂൺ എട്ട്, ഒന്ന് തീയതികളിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജൂൺ രണ്ടിന് നടത്താനിരുന്ന ജോഗ്രഫി പരീക്ഷ ജൂൺ മൂന്നിന് നടത്തും.പത്താം ക്ലാസ്സ് വിദ്യാർഥികളുടെ സയൻസ് പരീക്ഷ മേയ് 21-ന് നടക്കും. ഈ തീയതിയിൽ നടക്കാനിരുന്ന ഗണിത പരീക്ഷ ജൂൺ രണ്ടിന് നടക്കും. ഇതിന് പുറമേ ഫ്രഞ്ച്, ജർമൻ, അറബിക്, സംസ്കൃതം, മലയാളം, പഞ്ചാബി, റഷ്യൻ, ഉർദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാത്തീയതിയിലും മാറ്റമുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സി.ബി.എസ്.ഇ പരീക്ഷകൾ നടത്തുന്നത്. മാർച്ച് ഒന്ന് മുതൽ സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്.