ഇഗ്നോ ബി.എഡ് പ്രവേശനം
ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) രണ്ടുവർഷത്തെ ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (ബി.എഡ്.) പ്രോഗ്രാം നടത്തുന്നുണ്ട്. നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ.) അംഗീകാരമുള്ള ഈ പ്രോഗ്രാം, രാജ്യത്തെ എൻ.സി.ടി.ഇ. അംഗീകൃത ബി.എഡ്. ട്രെയിനിങ് കോളേജുകളിലാണ് നടത്തുന്നത്. സയൻസസ്/സോഷ്യൽ സയൻസസ്/കൊമേഴ്സ്/ഹ്യുമാനിറ്റീസിൽ ബാച്ചിലർ ബിരുദത്തിലോ മാസ്റ്റേഴ്സ് ബിരുദത്തിലോ രണ്ടിലുമോ, കുറഞ്ഞത് 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് ആൻഡ് മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബാച്ചിലർ ഇൻ എൻജിനിയറിങ്/ടെക്നോളജി ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുകിട്ടും. ഇതാണ് അക്കാദമിക് യോഗ്യത. ഇതോടൊപ്പം ഓപ്പൺ & ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ.) രീതിയിലെ ബി.എഡ്. പഠനത്തിന് അപേക്ഷിക്കാൻ അപേക്ഷാർഥി എലമന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറായിരിക്കണം. മുഖാമുഖ രീതിയിൽ നടത്തിയ എൻ.സി.ടി.ഇ. അംഗീകൃത ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കണം. പ്രായപരിധി വ്യവസ്ഥയൊന്നും ഇല്ല. പരമാവധി അഞ്ച് വർഷമാണ് പ്രോഗ്രാം പൂർത്തിയാക്കാൻ ലഭിക്കുക.പ്രോഗ്രാമിലെ പ്രവേശനം എൻട്രൻസ് ടെസ്റ്റ് വഴിയാണ്. ഇഗ്നോ 2021 ജനുവരി സെഷനിലെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മാർച്ച് 20 വരെ അപേക്ഷിക്കാം. ഏപ്രിൽ 11-നാണ് പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: http://ignou.ac.in/