അധ്യാപക പരിശീലന കോഴ്സുകള്
നാളത്തെ തലമുറയെ വാർത്തെടുക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാകാലത്തും നിലകൊള്ളുന്ന തൊഴിൽമേഖലയാണ് അധ്യാപനം. നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ പഠനത്തിന് പ്രാധാന്യം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അധ്യാപകരുടെ തൊഴിൽസാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അതിനനുസരിച്ച് അധ്യാപകർക്കും മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഇതിന് സഹായമേകുന്ന പരിശീലനങ്ങൾ നൽകാൻ വിപുലമായ പദ്ധതിയാണ് വിദഗ്ധർ ആസൂത്രണം ചെയ്യുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള അധ്യയനമാർഗം നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അതിനായി തയ്യാറെടുക്കണം. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രതിവർഷം ആയിരക്കണക്കിന് അധ്യാപകർക്കാണ് നിയമനം ലഭിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലും അവസരങ്ങളുണ്ട്. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവർക്ക് സംസ്ഥാനത്തിന് പുറത്തും വിദേശത്തും നിരവധി കരിയർ സാധ്യതകളുണ്ട്. കൂടാതെ ഇക്കഴിഞ്ഞ മാർച്ചിൽ സംസ്ഥാന സർവീസിൽനിന്ന് 5000-ത്തിലേറെ അധ്യാപകർ വിരമിച്ചതായാണ് കണക്ക്. അത്രയും പേർക്ക് പുതുതായി സർക്കാർ ജോലിക്കുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്.പ്ലസ്ടു കഴിഞ്ഞവർക്കാണ് പ്രൈമറി അധ്യാപക പരിശീലന കോഴ്സുകളിൽ ചേരാനാവുക. ബിരുദവും ബി.എഡും കെ-ടെറ്റുമാണ് ഹൈസ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത. ബിരുദാനന്തരബിരുദവും ബി.എഡും സെറ്റുമുള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപകരാകാം. കോളേജ് അധ്യാപകരാകാൻ യു.ജി.സി. നെറ്റ്/പിഎച്ച്.ഡി. നിർബന്ധ യോഗ്യതയാണ്.കേന്ദ്രസർക്കാരിന് കീഴിലുള്ള സ്കൂളുകളിലും കേന്ദ്രീയവിദ്യാലയങ്ങളിലും അധ്യാപകരാകാൻ എൻ.സി.ഇ.ആർ.ടി. നടത്തുന്ന സി-ടെറ്റ് (സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) വിജയിക്കണം. എൻ.ടി.ഇ.സി., ഡി.എഡ്./ഡി.എൽ.ഇ.ഡി., ബി.എഡ് തുടങ്ങിയ അധ്യാപക പരിശീലന കോഴ്സുകളുടെ നിയന്ത്രണം നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷ (എൻ.സി.ടി.ഇ.)നാണ്. വെബ്സൈറ്റ്: www.ncteindia.org സ്വാശ്രയസ്ഥാപനങ്ങളുടെ കോഴ്സുകളിൽ ചേരുന്നതിനു മുൻപ് അംഗീകാരം ഉണ്ടോ എന്ന് ഉറപ്പാക്കണം. ഔദ്യോഗിക വെബ്സൈറ്റുകൾ അതിന് സഹായിക്കും.