എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ അധ്യാപകര്‍ ആശങ്കയില്‍
കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ അധ്യാപകര്‍ ആശങ്കയില്‍. ഏപ്രില്‍ 29-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയായശേഷം മേയ് അഞ്ചുമുതല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതത് സ്കൂളില്‍തന്നെയാണ് പരീക്ഷ. 14-ാം തീയതിക്കുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും കോവിഡ സുരക്ഷ എങ്ങനെ പാലിക്കുമെന്ന കാര്യത്തിലാണ് അധ്യാപകര്‍ക്ക് ആശങ്ക. അഞ്ചുമുതല്‍ 10 വരെ കുട്ടികള്‍ക്ക് ഒരു കംപ്യൂട്ടര്‍ എന്നാണ് പല സ്കൂളുകളിലെയും സ്ഥിതി. അരമണിക്കൂറാണ് പരീക്ഷ. ഓരോ ബാച്ചും പരീക്ഷ കഴിഞ്ഞിറങ്ങിയാല്‍ കീബോര്‍ഡ് സാനിറ്റൈസ് ചെയ്യണം. പരീക്ഷക്കിടെ സംശയനിവാരണത്തിന് പലതവണ കുട്ടികള്‍ അധ്യാപകനെ വിളിക്കും. ഈ സമയത്തെല്ലാം അധ്യാപകന് കുട്ടിയുടെ അടുത്തെത്തണം. അതേ കീബോര്‍ഡ് തന്നെ അധ്യാപകനും ഉപയോഗിക്കേണ്ടിവരും. ഒരോ കുട്ടിയും പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ മാര്‍ക്കിടാന്‍ അധ്യാപകന് അതേ കംപ്യൂട്ടറും കീബോര്‍ഡും ഉപയോഗിക്കണം. അടച്ചുറപ്പുള്ള ഹാളിലാകും പരീക്ഷ നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് വെല്ലുവിളിയാണെന്നും പരീക്ഷ ഒഴിവാക്കണമെന്നും അധ്യാപകര്‍ പറയുന്നു.