വിദേശ മെഡിക്കല്‍ ബിരുദക്കാര്‍ക്കായി പ്രത്യേകനിയമം വരുന്നു.
വിദേശ മെഡിക്കല്‍ ബിരുദക്കാര്‍ക്കായി പ്രത്യേകനിയമം വരുന്നു. ബിരുദം നേടി രണ്ടുവര്‍ഷത്തിനകം നിര്‍ദിഷ്ട യോഗ്യതാപരീക്ഷ വിജയിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ലെന്നതാണ് കരടുനിയമത്തിലെ പ്രധാന വ്യവസ്ഥ. യോഗ്യത സംബന്ധിച്ച ഒട്ടേറെ നിബന്ധനകള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരമായി നിലവില്‍വന്ന മെഡിക്കല്‍ കമ്മിഷന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കിയത്. വിദേശത്ത് മെഡിക്കല്‍പഠനം പൂര്‍ത്തിയാക്കുന്നവരുടെ യോഗ്യതയും രജിസ്ട്രേഷനും സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമം അനിവാര്യമായത്. നിലവില്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് വിദേശബിരുദക്കാര്ക്ക് ഇന്ത്യയില്‍ പ്രാക്ടീസിന് അനുമതി ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷ നടക്കുന്നത്. ഇന്ത്യയില്‍ രജിസ്ട്രേഷന് കിട്ടാന്‍ എത്ര സമയത്തിനകം ഈ പരീക്ഷ ജയിക്കണമെന്ന് ഇപ്പോള്‍ നിബന്ധനയില്ല. ഈ രീതിയാണ് മാറുക. ബിരുദം നേടി രണ്ടുവര്‍ഷത്തിനകം പരീക്ഷ ജയിക്കാത്തവര്‍ക്ക് അംഗീകാരം ലഭിക്കില്ല. കരട് പ്രസിദ്ധീകരിച്ച ഉടന്‍തന്നെ ഒട്ടേറെപ്പേര്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുമുണ്ട്. സാധാരണപോലെ കരട് പ്രസിദ്ധീകരിച്ച് എത്രനാളുകള്‍ക്കകം നിയമം വിജ്ഞാപനം ചെയ്യുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ല.