നീറ്റ് പിജി പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു
നീറ്റ് പിജി പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനായാണ് പുതിയ തീരുമാനം. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് വരാനിരിക്കുന്ന സർക്കാർ നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രോഗബാധ വർദ്ധിക്കുന്നതിനിടെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ കൈക്കൊണ്ട പുതിയ തീരുമാനങ്ങളുടെ ഭാഗമായാണ് ഇത്. ഇതിന്റെ ഭാഗമായി അവസാന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളെയും ബിഎസ്സി, ജിഎൻഎം ക്വാളിഫൈഡ് നഴ്സുമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. അവസാന വർഷ എംബിബിസ് വിദ്യാർത്ഥികളെ അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ഇടത്തരം രോഗികൾക്ക് ടെലി-കൺസൾട്ടേഷൻ നല്കാൻ നിയമിക്കും. മുൻപ് ഏപ്രിൽ 18നായിരുന്നു നീറ്റ് പിജി പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെച്ചിരുന്നു. രണ്ടുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.