എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു – 99.47% വിജയം
എസ്എസ്എൽസി പരീക്ഷയിൽ 99.47% വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹതനേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി ഫലം ലഭ്യമാകും.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. 79,412 എ പ്ലസ് ഈ വർഷം വർധിച്ചു. പ്രൈവറ്റ് വിദ്യാർഥികൾ (പുതിയ സ്കീം) 615 പേർ പരീക്ഷയെഴുതിയതിൽ 537 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. പ്രൈവറ്റ് വിദ്യാർഥികളിൽ പഴയ സ്കീമിൽ പരീക്ഷ എഴുതിയ 346 പേരിൽ 270 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയം ശതമാനം കൂടുതലുള്ള റവന്യൂജില്ല കണ്ണൂർ–99.85%. വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാട്- 98.13%. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ- 99.97%. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്– 98.13%. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല–മലപ്പുറം. 7838 പേർക്ക് എപ്ലസ് ലഭിച്ചു. ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്.സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.