ജെഇഇ മെയിൻ: രജിസ്ട്രേഷൻ തീയതി നീട്ടി
ജെഇഇ (മെയിൻ) 2021 സെഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ജൂലൈ 20 വരെയാണ് അപേക്ഷാ തീയതി നീട്ടിയത്. ഇതുവരെ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്തവർക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ജെഇഇ മെയിൻ 2021 ലെ മൂന്ന് നാല് സെഷനുകൾക്കിടയിലെ ദൈർഘ്യം വർധിപ്പിച്ചതായും എൻടിഎ വ്യക്തമാക്കി. പുതിയ സമയക്രമം അനുസരിച്ച്, ജെഇഇ (മെയിൻ) 2021 നാലാം സെഷൻ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1-2 തീയതികളിൽ നടക്കും. നാലാം ഘട്ടത്തിനായി ആകെ 7.32 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം എൻടിഎ 232 ൽ നിന്ന് 334 ആയി ഉയർത്തി. പരീക്ഷാകേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ലഭ്യമാണ്. ജെഇഇ മെയിൻ 2021ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ ആദ്യം മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.