സിടെറ്റ് : അപേക്ഷ ഒക്ടോബർ 19 വരെ
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ ‘സിടെറ്റ്’ ഡിസംബർ 16 മുതൽ ജനുവരി 13 വരെ സിബിഎസ്ഇ നടത്തും. ഓരോരുത്തരുടെയും പരീക്ഷാസമയം അഡ്മിറ്റ് കാർഡിൽ വരും. www.ctet.nic.in എന്ന സൈറ്റിൽ ഒക്ടോബർ 19 വരെ അപേക്ഷിക്കാം. അപേക്ഷാഫീ ഒക്ടോബർ 20നു 3.30 വരെ അടയ്ക്കാം. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിന് സിടെറ്റ് യോഗ്യത വേണം. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്കൂളുകളിലും ആവശ്യമുള്ളപക്ഷം ഉപയോഗിക്കാം. സിടെറ്റിന് ആജീവനാന്തം സാധുതയുണ്ട്. എത്രതവണ വേണമെങ്കിലും എഴുതാം. സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുന്നതിനും തടസ്സമില്ല.