9-ാം ക്ലാസിൽ ‘ഓപ്പൺ ബുക്ക്’ പരീക്ഷ
പുസ്തകം നോക്കി പരീക്ഷ എഴുതാനുള്ള ‘ഓപ്പൺ ബുക്ക്’ പരീക്ഷാ രീതി, അടുത്ത അധ്യയന വർഷം മുതൽ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നടപ്പിലാക്കുന്നു. പുതുമുഖ പരീക്ഷാ രീതിക്ക് കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയുടെയും അംഗീകാരം ലഭിച്ചു.
പുതിയ സംവിധാനപ്രകാരം, ഓരോ ടേർമിലും നടക്കുന്ന മൂന്നു പരീക്ഷകളിലും ‘ഓപ്പൺ ബുക്ക്’ മാതൃക പ്രയോഗിക്കും. പരീക്ഷയ്‌ക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് മാതൃകാ ചോദ്യ പേപ്പറുകളും നിർദേശങ്ങളും വിതരണം ചെയ്ത്, പുതിയ രീതിയിലേക്ക് അവരെ പരിചയപ്പെടുത്തും.
കരിക്കുലത്തിൽ ക്രോസ്-കട്ടിങ് സമീപനം ഉൾപ്പെടുത്തുകയും, അധിക വായനാസാമഗ്രികളുടെ ബാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
വിദ്യാർത്ഥികളിൽ പരീക്ഷാ സമ്മർദ്ദം കുറച്ച്, ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള കഴിവും പ്രായോഗിക ജ്ഞാനവും വർധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പരീക്ഷാ രീതി ഭാവിയിൽ മറ്റു ക്ലാസുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.