ഉപരിപഠനത്തിന് ഓപ്പൺ സ്കൂൾ യോഗ്യത സ്വീകരിക്കണം: എഐസിടിഇ.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻഐഒഎസ്) സർട്ടിഫിക്കറ്റുകൾക്ക് എല്ലാ സർവകലാശാലകളിലെയും എൻജിനീയറിങ് കോളജുകളിലെയും പ്രഫഷനൽ സ്ഥാപനങ്ങളിലെയും പ്രവേശനത്തിൽ സാധുതയുണ്ടെന്ന് എഐസിടിഇ അറിയിച്ചു. എഐസിടിഇ അംഗീകാരമുള്ള പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും എൻഐഒഎസ് യോഗ്യത നേടിയ വിദ്യാർഥികൾക്കു പ്രവേശനം നിഷേധിക്കുന്ന പശ്ചാത്തലത്തിലാണു വിശദീകരണം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ എൻഐഒഎസിൽനിന്നു യോഗ്യത നേടിയവരോടു വിവേചനം കാട്ടുന്നത് ദേശീയനയങ്ങൾക്കു വിരുദ്ധവും ഉപരിപഠനത്തിനുള്ള അവകാശത്തിന്റെ നിഷേധവുമാണ്. എൻഐഒഎസ് യോഗ്യത സമാനമായ യോഗ്യതയ്ക്കു തുല്യമായി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്.





