85 വിഷയങ്ങൾ; യുജിസി നെറ്റ് ഡിസംബർ 31 മുതൽ ജനുവരി 7 വരെ.
ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ മാനവികവിഷയങ്ങളിലടക്കം പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ 31 മുതൽ ജനുവരി 7 വരെ ഓൺലൈനായി വിവിധ ഷിഫ്റ്റുകളിൽ നടത്തും. നവംബർ 7നു രാത്രി 11.50 വരെ അപേക്ഷ നൽകാം. https://ugcnet.nta.nic.in. പിഎച്ച്ഡി പ്രവേശനത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളിൽ നിയമനത്തിനും നെറ്റ് സ്കോർ പരിഗണിക്കും. അപേക്ഷാഫീ 1150 രൂപ. പിന്നാക്കം, സാമ്പത്തികപിന്നാക്കം 600 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ 325 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും അടയ്ക്കണം. ഒന്നിലേറെ അപേക്ഷ പാടില്ല. അപേക്ഷാ വിവരങ്ങൾ ആവശ്യമെങ്കിൽ നവംബർ 10 മുതൽ 12നു രാത്രി 11.50 വരെ തിരുത്താം. അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്തു കോപ്പി സൂക്ഷിച്ചുവയ്ക്കുക.
85 വിഷയങ്ങൾ
ഭാഷകളും സംഗീതവും നിയമവും ഉൾപ്പെടെയുള്ള മാനവികവിഷയങ്ങളും കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ് വിഷയങ്ങളുമടക്കം 85 വിഷയങ്ങളിൽ ടെസ്റ്റ് നടത്തും. പിജി വിഷയം തന്നെ തിരഞ്ഞെടുക്കണം. അതു ലിസ്റ്റിലില്ലെങ്കിൽമാത്രം ബന്ധപ്പെട്ട വിഷയമാകാം.
55% മാർക്കോടെ പിജി വേണം; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50%. പിജി വിദ്യാർഥികളെയും പരിഗണിക്കും. 75% മാർക്കുള്ള 4 വർഷ ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം. എട്ടാം സെമസ്റ്ററിൽ പഠിക്കുന്നവരെയും പരിഗണിക്കും. ഇവരെ അസിസ്റ്റന്റ്് പ്രഫസർ നിയമനത്തിനു പരിഗണിക്കില്ല. 85 വിഷയങ്ങളിൽ ഏതു വേണമെങ്കിലും നെറ്റിനു തിരഞ്ഞെടുക്കാനും ഇവർക്ക് അനുമതിയുണ്ട്. പിന്നാക്ക, സാമ്പത്തികപിന്നാക്ക, പട്ടിക, ഭിന്നശേഷി, വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്.