ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2024–’25 പ്രവേശനം 16 മുതൽ 25 വരെ

എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് മുഖ്യ അലോട്മെന്റിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ് തല പരീക്ഷകളുണ്ടായിരുന്നു. അന്ന് യോഗ്യത നേടിയവരുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണം. സ്‌കൂൾതല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ പരിഗണിക്കും. സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ്’ ജയിച്ചവർക്കേ മാത്‌സ് ഉൾപ്പെട്ട വിഷയ കോംബിനേഷൻ എടുക്കാൻ കഴിയൂ. (സിബിഎസ്ഇ സ്കൂളുകളിൽ പ്ലസ‌്‌വണ്ണിൽ മാത്‌സ് പഠിക്കാൻ ‘മാത്തമാറ്റിക്സ് ബേസിക്’ ജയിച്ചവർക്ക് ഈ വർഷവും അവസരമുണ്ട്). 10–ാം ക്ലാസിൽ നേടിയ മാർക്കുകൾ വിശേഷരീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയം. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്െമന്റും നടത്തും. 2024 ജൂൺ ഒന്നിന് 15–20 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം. കേരളത്തിലെ പൊതുപരീക്ഷാബോർഡിൽ നിന്നു ജയിച്ചവർക്കു പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്നു വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും ഇളവ് ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടറേറ്റിൽനിന്നു വാങ്ങാം.

https://hscap.kerala.gov.in എന്ന സൈറ്റിൽ PUBLIC എന്ന സെക്‌ഷനിൽ നിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക. ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം. സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യാം. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം ലോഗിൻ സൃഷ്ടിക്കുന്നത്. ഇതിലെ APPLY ONLINE ലിങ്കിലൂടെ അപേക്ഷിക്കാം. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയവയെല്ലാം ഇതേ ലോഗിൻ വഴിയാണ്. പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങളുണ്ട്. പടിപടിയായ നിർദേശങ്ങൾ യൂസർ മാനുവലിൽ കിട്ടും. എട്ടാം അനുബന്ധത്തിലെ ഫോം മാത‍ൃകയും ശ്രദ്ധിക്കാം. യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയുടെ രേഖകൾ കയ്യിൽ വേണം; ചിലതിന്റെ നമ്പറും തീയതിയും മറ്റും അപേക്ഷയിൽ വേണ്ടിവരും. സൈറ്റിൽനിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക. സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ, നൽകുന്ന വിവരങ്ങളനുസരിച്ചാണ് സിലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ ശ്രദ്ധിക്കാം. ഭിന്നശേഷിക്കാരും 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ തനിയെ ചെയ്യാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, ആ പ്രദേശത്തെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ ഒന്നിലേറെ അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫീ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. പ്രിന്റ് സ്കൂളിൽ നൽകേണ്ട. മാനേജ്‌മെന്റ് / അൺ–എയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അവയിലേക്ക് അതതു മാനേജ്‌മെന്റ് നൽകുന്ന ഫോം സമർപ്പിക്കണം. സർക്കാരിന്റെ ഏകജാലക ഫോം ഇക്കാര്യത്തിന് ഉപയോഗിച്ചുകൂടാ.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000499131