ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്: ബെംഗളൂരു ഐഐഎസ്‌സി ഇന്ത്യയിൽ മുന്നിൽ…
ലണ്ടൻ ∙ സർവകലാശാലകളുടെ നിലവാരം അടയാളപ്പെടുത്തുന്ന ടൈംസ് പട്ടിക (ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ് 2026) പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്കിങ് നേടിയത് ബെംഗളൂരു ഐഐഎസ്‌സിയാണ്. 201–250 റാങ്കിങ് വിഭാഗത്തിൽ ഐഐഎസ്‌സി ഉൾപ്പെട്ടു. മുൻ വർഷത്തെക്കാളും മെച്ചപ്പെട്ട സ്ഥാനമാണ് ഇത്.
രാജ്യാന്തരതലത്തിൽ ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയാണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ മാസച്യുസിറ്റ്സ് സർവകലാശാല രണ്ടാമതെത്തി. യുഎസിലെ പ്രിൻസ്റ്റൻ, ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലകൾ മൂന്നാം സ്ഥാനം പങ്കിട്ടു. യുഎസിലെ ഹാർവഡ് സർവകലാശാലയാണു തൊട്ടുപിന്നിൽ.അധ്യാപനം, ഗവേഷണസൗകര്യവും നിലവാരവും, വ്യാവസായിക ആഭിമുഖ്യം, രാജ്യാന്തര ആഭിമുഖ്യം എന്നിവ കണക്കാക്കിയാണു റാങ്കിങ് തയാറാക്കിയത്.12–ാം സ്ഥാനത്തെത്തിയ ചൈനയിലെ സിങ്വ സർവകലാശാലയ്ക്കാണ് ഏഷ്യയിൽ ഏറ്റവും ഉയർന്ന റാങ്കിങ്.