Study in Japan Scholarship: ജപ്പാനിൽ പോയി പഠിച്ചാലോ? ഇതാ ഒരു സുവർണാവസരം; 25.6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും!
ഇന്ത്യയുമായുള്ള അക്കാദമിക്-ഗവേഷണ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജപ്പാൻ സർക്കാർ 'ലോട്ടസ് പ്രോഗ്രാം 2026' പ്രഖ്യാപിച്ചു. 1000 മാസ്റ്റേഴ്സ് വിദ്യാർത്ഥികൾ, പിഎച്ച്ഡി സ്കോളർമാർ, പോസ്റ്റ്ഡോക്ടറൽ ഗവേഷകർ എന്നിവർക്കാണ് ഈ പ്രോഗ്രാമിൽ അവസരം ലഭിക്കുക.
സംയുക്ത ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും കരിയർ വികസനം മെച്ചപ്പെടുത്തുന്നതിനും യുവ ഗവേഷകർക്ക് പ്രമുഖ ജാപ്പനീസ് സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രവർത്തിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സാമ്പത്തിക സഹായം, ഘടനാപരമായ മെന്റർഷിപ്പ്, നൂതന ഗവേഷണ സൗകര്യങ്ങൾ എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ ഗവേഷകർക്ക് ലഭ്യമായ ഏറ്റവും ആകർഷകമായ അന്താരാഷ്ട്ര ഗവേഷണ അവസരങ്ങളിലൊന്നാണിത്.
ഗവേഷണ രംഗത്തെ പ്രതിഭകളെ സഹകരിച്ചുള്ള ഗവേഷണത്തിനായി ജപ്പാനിലേക്ക് എത്തിക്കുന്ന ജാപ്പനീസ് സർക്കാറിന്റെ പദ്ധതിയാണിത്. ഈ പ്രോഗ്രാം രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു: ലോട്ടസ് ബേസിക്, ലോട്ടസ് ആസ്പയർ. രണ്ടു വിഭാഗങ്ങളിലും ധനസഹായം ലഭിക്കുമെങ്കിലും ആസ്പയർ വിഭാഗത്തിൽ മെച്ചപ്പെട്ട സാമ്പത്തിക സഹായം, ദീർഘകാല കാലാവധി, അളക്കാവുന്ന ഗവേഷണ ഫലങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.
36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് ചർച്ചിൽ സ്കോളർഷിപ്പ്
സാമ്പത്തിക സഹായങ്ങൾ എങ്ങനെ?
ലോട്ടസ് ബേസിക് വിഭാഗത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 12 മാസം വരെ താമസം ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾക്കായി പ്രതിമാസം 240,000 യെൻ (ഏകദേശം 1.4 ലക്ഷം രൂപ) ലഭിക്കും. കൂടാതെ, ജോയിന്റ് സൂപ്പർവിഷൻ സപ്പോർട്ടിനായി വർഷത്തിൽ 5,00,000 യെൻ (ഏകദേശം 2.9 ലക്ഷം രൂപ) അനുവദിക്കും. ഇത് ജപ്പാനിലെ യാത്രകൾക്കും ഗവേഷണ സാമഗ്രികൾക്കും ഇന്ത്യൻ സൂപ്പർവൈസർക്കുള്ള താമസസൗകര്യത്തിനുമായി ഉപയോഗിക്കാം.
ലോട്ടസ് ആസ്പയർ വിഭാഗത്തിലും പ്രതിമാസം 2,40,000 യെൻ (1.4 ലക്ഷം രൂപ) ലഭിക്കുമെങ്കിലും കാലാവധി 36 മാസം വരെയായിരിക്കും. ജോയിന്റ് സൂപ്പർവിഷൻ സപ്പോർട്ടായി പ്രതിവർഷം 1,500,000 യെൻ (ഏകദേശം 8.8 ലക്ഷം രൂപ) ലഭിക്കും. മൊത്തത്തിൽ ലോട്ടസ് ആസ്പയർ പ്രാഗ്രാമിന് കീഴിൽ പ്രതിവർഷം 4,380,000 യെൻ (ഏകദേശം 25.6 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്.
ആർക്കെല്ലാം അപേക്ഷിക്കാം?
പരമാവധി 40 വയസ്സ് വരെ പ്രായമുള്ള മാസ്റ്റേഴ്സ് വിദ്യാർത്ഥികൾ, പിഎച്ച്ഡി സ്കോളർമാർ, പോസ്റ്റ്ഡോക്ടറൽ ഗവേഷകർ എന്നിവർക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം. ദേശീയതയിൽ നിയന്ത്രണമില്ലെങ്കിലും, ഈ സംരംഭം പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ഗവേഷകരെ ലക്ഷ്യം വച്ചുള്ളതാണ്. അപേക്ഷകർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പകരം, ജപ്പാനിലെ സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള ഒരു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (പിഐ) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 9 (12:00 JST).
അവലോകനവും തിരഞ്ഞെടുപ്പും: 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെ.
ഫല പ്രഖ്യാപനം: 2026 ഓഗസ്റ്റ് അവസാനം മുതൽ പ്രതീക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ജപ്പാനിൽ തങ്ങളുടെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കാൻ തയ്യാറുള്ള ഒരു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററെ (പിഐ) കണ്ടെത്തണം. ഈ പിഐ ആയിരിക്കും ഉദ്യോഗാർത്ഥിക്ക് വേണ്ടി അപേക്ഷ നൽകുക. വിദ്യാർത്ഥികളിൽ നിന്നോ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നോ നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല.





