എക്‌സാം ഓണ്‍ ഡിമാന്‍ഡ്

വയനാട് ദുരന്തത്തിൽ ഇരകളായ കോളേജ് വിദ്യാർത്ഥികള്‍ക്ക് 'എക്‌സാം ഓണ്‍ ഡിമാന്‍ഡ്' സംവിധാനം നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കല്‍പ്പറ്റയിലെ കളക്ടറ്റിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.
നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
ദുരന്തത്തിൽ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാലകളില്‍ പ്രത്യേകം സെല്ലുകള്‍ തയ്യാറാക്കും.
വിദ്യാർഥികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാര നടപടികള്‍ ക്രമീകരിക്കാന്‍ കല്‍പ്പറ്റ ഗവ കോളേജില്‍ പ്രത്യേക ഫോണും സജ്ജമാക്കി (9496810543).
പോളിടെക്‌നിക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായത് ഏതാനും ദിവസത്തിനകം നല്‍കാന്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി സ്വീകരിക്കും.
പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും.
ദുരന്തത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകള്‍ എന്‍.എസ്.എസ് മുഖേന നല്‍കും. 150 വീടുകള്‍ പണിതു നല്‍കാനും എന്‍എസ്എസ് തീരുമാനിച്ചിരുന്നു.
എൻഎസ്എസ് നിർമിക്കുന്ന ഈ വീടുകളുടെ വയറിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കാമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി സമ്മതപത്രത്തിലൂടെ അറിയിച്ചതായും മന്ത്രി പറഞ്ഞു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531426