പ്ലസ്ടു തുല്യത കഴിഞ്ഞ 1445 പേര്‍ ഇനി ബിരുദവിദ്യാര്‍ഥികള്‍; സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് ആലപ്പുഴയില്‍.
പ്ലസ്ടു തുല്യതാ കോഴ്‌സ് ജയിച്ചവര്‍ക്കായി സാക്ഷരതാമിഷനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയും ചേര്‍ന്ന് നടപ്പാക്കുന്ന ബിരുദ പഠനപദ്ധതിയില്‍ ഇതുവരെ ചേര്‍ന്നത് 1445 പേര്‍. സംസ്ഥാനതല പ്രവേശനോത്സവം വെള്ളിയാഴ്ച ആലപ്പുഴയില്‍ നടക്കും. ജില്ലാപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സോഷ്യോളജി, കൊമേഴ്‌സ് കോഴ്സുകളിലാണ് അവസരം. വിവിധജില്ലകളില്‍നിന്നായി 1445 പേര്‍ പ്രവേശനം നേടി. ഇപ്പോഴും പ്രവേശനം തുടരുന്നതിനാല്‍ കണക്ക് അന്തിമമല്ല. ജില്ലാപഞ്ചായത്തുകള്‍വഴി ചേര്‍ന്നത് 934 പേരാണ്. നേരിട്ട് സര്‍വകലാശാലയില്‍ ചേര്‍ന്നത് 511 പേരും. ആലപ്പുഴ ജില്ലാപഞ്ചായത്താണ് പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചത്. ഇവിടെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷ കരുടെ ഫീസ് ജില്ലാപഞ്ചായത്താണ് വഹിക്കുന്നത്. ആലപ്പുഴയില്‍നിന്ന് 413 പേരുടെ
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ആലപ്പുഴയ്ക്കുശേഷം തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലാപഞ്ചായത്തുകളും തുടങ്ങി.
ഇതിനു പുറമേ പട്ടിക ജാതി-വര്‍ഗ, ഫിഷറീസ്, ഭിന്നശേഷി എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി പഠനാവസരമൊരുക്കുന്നുണ്ട്.
നാലുവര്‍ഷമാണ് കോഴ്സ് കാലാവധി. വര്‍ഷത്തില്‍ രണ്ടു വീതം ആകെ എട്ട് സെമസ്റ്ററുണ്ടാകും. ഓണ്‍ലൈന്‍ പഠനത്തിനുപുറമേ അതത് സ്ഥലങ്ങളില്‍ തിരഞ്ഞെടുക്കുന്ന കോളേജില്‍ സമ്പര്‍ക്കപഠന ക്ലാസുമുണ്ടാകും. സാക്ഷരതാ മിഷന്‍വഴി നേരിട്ടും പഠിതാക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. നാലുപേരുടെ പ്രവേശനം പൂര്‍ത്തിയായി.
ജനറല്‍വിഭാഗത്തിന് 4530 രൂപയാണ് ആദ്യസെമസ്റ്റര്‍ ഫീസ്. പരീക്ഷാഫീസ് വേറെ. ഇത്തവണ അവസരം ലഭിക്കാത്തവര്‍ക്ക് അടുത്തബാച്ച് ജനുവരിയില്‍ തുടങ്ങുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന പറഞ്ഞു.