പ്ലസ്ടു സയൻസ് പഠിക്കാത്തവർക്കും നഴ്സ് ആകാം; അറിയാം പ്രധാന വിദ്യാഭ്യാസ വാർത്തകൾ.
തിരുവനന്തപുരം ∙ പ്ലസ്ടുവിന് സയൻസ് പഠിക്കാതെ, ജനറൽ നഴ്സിങ് കോഴ്സ് വിജയിച്ചവർക്ക് പിഎസ്‌സി വഴിയുള്ള നിയമനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ച് ചട്ടം ഭേദഗതി ചെയ്തു വിജ്ഞാപനമായി. ഹൈക്കോടതി ഉത്തരവിന്റെയും ഉദ്യോഗാർഥികളുടെ നിരന്തര ശ്രമത്തിന്റെയും ഫലമായാണു തീരുമാനം. കേരള നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായപരിധി കഴിയാത്ത 25,000 പേരെ ബാധിക്കുന്ന ഭേദഗതിയാണിത്. പ്ലസ്ടുവിന് സയൻസ് പഠിക്കാത്തവർക്കും ജനറൽ നഴ്സിങ് കോഴ്സ് പഠിക്കാമെന്ന് 2006 ൽ കേരള നഴ്സിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതോടെ അവർക്ക് പിഎസ്‍സി വഴി നിയമനത്തിനും തടസ്സമുണ്ടായിരുന്നില്ല. 2019ലാണു ഭേദഗതി ചെയ്ത്, സർക്കാർ സർവീസിൽ ജനറൽ നഴ്സായി നിയമനം ലഭിക്കണമെങ്കിൽ പ്ലസ്ടുവിന് സയൻസ് പഠിച്ചിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രസ്ഥാപനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ജനറൽ നഴ്സിങ് തസ്തികയിൽ സ്ഥിരനിയമനത്തിന് ഈ നിബന്ധന ഇല്ലാത്തപ്പോഴാണ് കേരളം വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
പ്ലസ്ടുവിന് ഏതു വിഷയം പഠിച്ചവർക്കും ജനറൽ നഴ്സിങ് കോഴ്സിനു ചേരാമെന്ന വ്യവസ്ഥ ഇവിടെ മാറ്റിയതുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു കോഴ്സ് കഴിഞ്ഞവർ ഹൈക്കോടതിയെ സമീപിച്ച് 2019 ൽ അനുകൂലവിധി നേടിയത്. എന്നിട്ടും അതു നടപ്പാക്കാതെ നീട്ടുകയായിരുന്നു.





