മെഡിക്കൽ ഇന്റേണുകൾക്ക് സ്റ്റൈപൻഡ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം
ന്യൂഡൽഹി ∙ വിദേശ മെഡിക്കൽ ബിരുദധാരികൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഇന്റേണുകൾക്ക് സ്റ്റൈപൻഡ് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെയും സർവകലാശാലകളുടയും ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്റ്റൈപൻഡ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ജെ.പി.നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്ത്യയിൽ പഠിച്ചവർക്കു തുല്യമായ സ്റ്റൈപൻഡിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്ന് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. സ്റ്റൈപൻഡ് വിവരങ്ങൾ വെളിപ്പെടുത്താത്തതിന് എൻഎംസി ഈ വർഷം 7 മെഡിക്കൽ കോളജുകൾക്ക് ഒരു കോടി രൂപ വീതം പിഴ ചുമത്തിയെന്നും തുടർന്നും നടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്.





