സ്കൂൾ ഒളിംപിക്സിന് ഗോൾഡ് കപ്പ്
കേരള സ്കൂൾ ഒളിംപിക്സിൽ ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രി ഗോൾഡ് കപ്പ് നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സ്കൂൾ ഒളിംപിക്‌സ് സംഘടിപ്പിക്കൽ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇത് പ്രഖ്യാപിച്ചത്. ഈ വർഷത്തെ കായിക മത്സരം ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. നിലവിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഏറ്റവും ഉയർന്ന പോയിന്റ് നേടിയ ജില്ലക്ക് ഗോൾഡ് കപ്പ് നൽകും.
കഴിഞ്ഞ വർഷം യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ 15ാം ജില്ലയായി മത്സരങ്ങളിൽ പങ്കെടുത്തത് ചരിത്രപരമായ സംഭവം ആയിരുന്നു. കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രം പങ്കെടുത്തിരുന്നുവെങ്കിലും ഈ വർഷം മുതൽ പെൺകുട്ടികളും ഉൾപ്പെടും. സ്കൂൾ ഒളിംപിക്സ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും.