മലയാളത്തിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് സർവകലാശാല: അപേക്ഷ ഡിസംബറിൽ.
തേഞ്ഞിപ്പലം ∙ കേരളപ്പിറവി ദിനത്തിൽ കാലിക്കറ്റ് സർവകലാശാല 5 വൈജ്‍ഞാനിക ഓൺലൈൻ കോഴ്സുകൾ മലയാളത്തിൽ അവതരിപ്പിക്കുന്നു. 5 സൗജന്യ കോഴ്സുകളും യുജിസിയുടെ ‘സ്വയം’ ഓൺലൈൻ ഫ്ലാറ്റ്‌ഫോമിൽ അപ്‍ലോഡ് ചെയ്തതായി എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മുതലുള്ള ക്ലാസിനു ഡിസംബറിൽ അപേക്ഷ ക്ഷണിക്കും.
ഗ്രീൻ കെമിസ്ട്രി, ഹിസ്റ്ററി ഓഫ് കേരളം– 12 സിഇ, ടൂറിസം ആൻഡ് കൾചറൽ ഹെറിറ്റേജ് ഓഫ് കേരള, ഇൻട്രൊഡക്‌ഷൻ ടു ജിയോഇർഫർമാറ്റിക്സ്, ടൂറിസം കോൺസെപ്റ്റ് എന്നിവയാണു കോഴ്സുകൾ.
5 ഇന്ത്യൻ ഭാഷകളിൽ ഓൺലൈൻ കോഴ്സുകൾ തയാറാക്കാൻ യുജിസി ഇന്ത്യയിലെ 5 വ്യത്യസ്ത ഇഎംഎംആർസികൾക്ക് അനുമതി നൽകിയിരുന്നു. മലയാളത്തിൽ കോഴ്സ് തയാറാക്കാൻ അനുമതി ലഭിച്ചത് കാലിക്കറ്റ് ഇഎംഎംആർസിക്കാണ്. സുസ്ഥിര വികസനം സംബന്ധിച്ച ഒരു മലയാളം ഓൺലൈൻ കോഴ്സ് പണിപ്പുരയിലുണ്ട്.





