ഉത്സാഹിച്ചു പ്രവർത്തിക്കുന്നവരെ വിജയം അനുഗ്രഹിക്കുമെന്ന് സംസ്‌കൃതമൊഴി. പക്ഷെ പലരും അങ്ങനെയല്ല. തത്കാലത്തെ സുഖം നോക്കി മടി പിടിച്ചിരിക്കും. ജോലി ചെയ്തതുകൊണ്ട് ആർക്കും നഷ്ടം വരില്ല. വിയർപ്പിൽ മുങ്ങി മരിച്ചവരില്ലെന്നോർക്കാം. നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മിൽ തന്നെ, അത് മടിയല്ലാതെ മറ്റൊന്നല്ല. പരമാവധി കഴിവ് ഉത്സാഹത്തോടെ പ്രയോഗിക്കുന്നവരാണ് വിജയികൾ. ചിലർ പറയും, ഞാൻ ദിവസവും ഒരു മണിക്കൂർ നേരം മാത്രമേ ടി.വി. കാണാറുള്ളു എന്ന്. ഇത് തീരെ കുറഞ്ഞ സമയമാണെന്നു വിചാരിച്ചാണ് അങ്ങനെ പറയുന്നത്. പക്ഷേ, അവർ വർഷത്തിൽ 365 മണിക്കൂർ ടിവി കാണാൻ നീക്കിവയ്ക്കുകയാണ്. 24 മണിക്കൂർ നേരം വീതമുള്ള 15 പൂർണദിവസങ്ങൾ (24 *15 = 360 ). നിത്യവും രണ്ടു മണിക്കൂർ വീതം ടിവി കാണുന്നവർ വർഷത്തിൽ ഒരു മാസം മുഴുവൻ രാപ്പകൽ ടിവി കാണുക മാത്രമാണ്. അത് താല്പര്യപൂർവ്വം ചെയ്ത് ആനന്ദിക്കുന്നവർ നിശ്ചയമായും ആ രീതി സ്വീകരിക്കാം. പക്ഷേ, സ്വന്തം കലണ്ടറിൽ ഏപ്രിൽ എന്നൊരു മസമില്ലാതെ പോകുന്നതിന് തുല്യമാണ് ഈ പ്രവൃത്തി എന്ന് ഓർത്തിരിക്കുകയും വേണം.
ഇത്രയൊക്കെ മതിയെന്ന് കരുതണോ?
ചെറിയ തോതിൽ വിജയം വരിക്കുമ്പോഴും ഞാൻ വിജയിച്ചു കഴിഞ്ഞെന്ന അമിത സംതൃപ്തി കാട്ടുന്നവരുണ്ട്. ഞാൻ ചെയ്യുന്നതെല്ലാം ഏറ്റവും ശരിയെന്ന് ഇക്കൂട്ടർ കരുതികളായും. ഇവർക്ക് ഒരു കാര്യത്തിലും അർഹമായ പരമാവധി നേട്ടം കൈവരിക്കാൻ കഴിയില്ല. മനുഷ്യപ്രയത്‌നം ഒരിക്കലും പരിപൂർണ്ണതയിലെത്തുന്നില്ല. അതിന്റെ ഏതു രൂപത്തിലും പരിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ നിശ്ചയമായും ഉണ്ടാകും. ചെറുസംഘത്തിലെ അതിസമർഥൻ വലിയൊരു കൂട്ടത്തിലെത്തുമ്പോൾ അരുമല്ലെന്നു വരാം. നമ്മുടെ സംഘത്തെക്കാളും വലിയ സംഘങ്ങളുണ്ടാകുമെന്നത് നാം എപ്പോഴും ഓർക്കണം. അങ്ങനെ ഓർത്താൽ അലംഭാവം നമ്മെ അടിമപ്പെടുത്തില്ല. ഇതിൽ കൂടുതൽ മെച്ചമായി ഇക്കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ലെന്ന് കണ്ണടച്ച് ശപഥം ചെയ്ത് സ്വന്തം വളർച്ച മുരടിപ്പിച്ചുകൂടാ. ചെറുപട്ടണത്തിലെ വിദ്യാലയത്തിൽ അതിസമർഥരെന്ന് തെളിയിച്ച കുട്ടികൾ ഉപരിപഠനത്തിനു മഹാനഗരങ്ങളിലെ വലിയ സ്ഥാപനങ്ങളിലെത്തി അവിടത്തെ മിടുക്കന്മാരുമായി ഇടപഴകുമ്പോൾ സ്വന്തം പോരായ്മ തിരിച്ചറിയുന്ന അനുഭവങ്ങളുണ്ട്.
എഫിഷ്യൻസി എക്സ്പെർട്ടുകളെന്ന വിഭാഗക്കാർ പല വ്യവസായങ്ങളിലും പ്രവർത്തിക്കുന്നു. പ്രവർത്തകരുടെ. എണ്ണത്തിലോ, യന്ത്രങ്ങളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലോ വർധനയൊന്നും വരുത്താതെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് ഇവരുടെ മേഖലയാണ്. നിഷ്‌കൃഷ്ട പഠനങ്ങൾക്ക് ശേഷം, പ്രവർത്തനരീതികളും യന്ത്രവിന്യാസ ശൈലികളിലും മറ്റും ചില മാറ്റങ്ങൾ ഇവർ നിർദ്ദേശിക്കുമ്പോൾ, അവയെല്ലാം നിഷ്പ്രയോജനമെന്നു അവിടത്തെ പഴമക്കാർ പറയുക സാധാരണമാണ്. അലംഭാവത്തിന്റെ ദൃഷ്ടാന്തമാണിത്."നമ്മുടെ കൈവശമുള്ളവ കൊണ്ട് സംതൃപ്തിയടഞ്ഞാൽ നമുക്ക് പുരോഗതിയുണ്ടാകില്ല". എന്ന തോമസ് അൽവാ എഡിസൺ.
ബധിരനായപ്പോൾ ബീഥോവൻ സംഗീതരചന ഉപേക്ഷിച്ചില്ല. മറിച്ച്, കൂടുതൽ, സമർപ്പണബുദ്ധിയുള്ള സംഗീതാരാധകനായി. അതിനു ശേഷമാണ് ഏറ്റവും കീർത്തികേട്ട രചനകൾക്കു രൂപം നൽകിയത്. ഒൻപതാമത്തെ സിംഫണി വിയന്നയിൽ അരങ്ങേറിയത് രസകരമായാണ്. സംഗീത മാധുരിയിൽ മതിമറന്ന ശ്രോതാക്കൾ അഞ്ചു പ്രാവിശ്യം എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി. രാജ ദമ്പതികൾക്കുപോലും മൂന്ന് തവണ മാത്രം കിട്ടുന്ന ബഹുമതി. പക്ഷെ ഇതൊന്നും ബീഥോവനു കേൾക്കാൻ കഴിഞ്ഞില്ല. പലതും കാണാൻ കഴിഞ്ഞെന്നു മാത്രം. വിജയിച്ചത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയം. പിന്മാറാതെ പൊരുതി മുന്നേറുന്നതാണ് ധീരത.
ബുദ്ധിശക്തിക്കുമപ്പുറം
ഏറ്റവും വലിയ വിജയങ്ങൾ നേടുന്നവർ ഏറ്റവും ബുദ്ധിമാന്മാരാണോ? പരമ്പരാഗതരീതിയിൽ നാം മനസിലാക്കുന്ന ബുദ്ധിശക്തിയാണ് വിവക്ഷയെങ്കിൽ, അല്ലെന്നു പഠനങ്ങൾ തെളിയിക്കുന്നു. പെട്ടന്ന് കണക്കുകൂട്ടുക, കൂടുതൽ കാര്യങ്ങൾ നിഷ്പ്രയാസം ഓർമ വയ്ക്കുക, പഠനത്തിൽ സാമർഥ്യം കാട്ടുക, മികച്ച യുക്തിയോടെ ചിന്തിക്കുക, സങ്കീർണപ്രശ്നങ്ങളുടെ കുരുക്കുകൾ വേഗം അഴിക്കുക എന്നിവയെല്ലാം ചെയ്യുന്നവരുടെ ഐക്യു (ഇന്റലിജൻസ് ക്വോഷ്യന്റ് ) ഉയർന്നുതാണെന്നു നാം പറയും.
ജീവിതത്തിന് മറ്റൊരു തരം ബുദ്ധിശക്തി കൂടിയേതീരു എന്ന് മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇക്യു അഥവാ ഇമോഷണൽ ക്വോഷ്യന്റ്. ശരിയായ ബുദ്ധിശക്തിയുള്ളയാളിൽ ഐക്യുവും ഇക്യുവും സന്തുലിതമായിരിക്കണം. ഇങ്ങനെയുള്ളവരാണ് വേഗം വിജയം കൈവരിക്കുക
ആകട്ടെ, എന്തൊക്കെയാണ് വൈകാരിക ബുദ്ധിശക്തിയുടെ ഘടകങ്ങൾ? സ്വന്തം വികാരങ്ങൾ തിരിച്ചറിയുക, വികാരങ്ങളെ നന്നായി നിയന്ത്രിച്ച് വരുതിയിൽ നിർത്തുക, സ്വയം പ്രചോദനത്തിനു വഴിയൊരുക്കുക, അന്യരുടെ വികാരങ്ങൾ അംഗീകരിക്കുക, മനുഷ്യബന്ധങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവ പ്രധാനം. മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുക ഒട്ടുമിക്ക മേഖലകളിലും വേണ്ടിവരും. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന്റെ ആണിക്കല്ലു തന്നെ കൂട്ടായ പ്രയത്നമാണ്. നേതൃത്വഗുണങ്ങൾ വളർത്താൻ നല്ല ഇക്യു കൂടിയേ തീരു. ഐക്യു ജന്മസിദ്ധമാണ്. അത് വളർത്തുക പ്രായോഗികമല്ല നേരെ മറിച്ചാണ് ഇക്യുവിന്റെ കഥ. അത് പരിശ്രമം മൂലം വളർത്തി പുഷ്കലമാക്കാം. അഹങ്കാരവും പരപുച്ഛവും ഒഴിവാക്കുക. അന്യരുടെ വികാരങ്ങൾ മാനിച്ചു മാത്രം പെരുമാറുക, സന്തോഷം നിറഞ്ഞ അന്തരീക്ഷം നിലനിർത്തുവാൻ ശ്രമിക്കുക. പ്രസന്നത വിടാതിരിക്കുക, കോപവും ആക്രമണ സ്വഭാവവും ത്യജിക്കുക, അന്യരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും അവയ്ക്ക് അർഹമായ അംഗീകാരവും അഭിനന്ദനവും പകർന്നു നല്കുക, അവരുടെ ദുഃഖങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും കഴിയുന്ന സഹായം ചെയ്യുന്നതിന് സ്വമനസ്യം കാട്ടുക എന്നിവയൊക്കെ സമൂഹജീവിയായ മനുഷ്യന് ഗുണകരമായി വരും.
അക്കൊണ്ടന്റിനെപ്പോലെ മാത്രം ജീവിതം അളക്കുന്നയാൾക്ക് സൂര്യോദയത്തിന്റെ മനോഹാരിതയോ ശിശുവിന്റെ പാൽപുഞ്ചിരിയോ ആസ്വദിക്കൻ കഴിയാതെ പോകാം. ഏതു രംഗത്തു പ്രവർത്തിയെടുക്കുന്നവരുടെയും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ ഇക്യുവിന് വലിയ പങ്കുണ്ട്. അത് മനസ്സിൽ കരുതി വേണം നമ്മുടെ പ്രവർത്തനം.
അൽപ്പം കൂടുതൽ ചെയ്യാം
നാം പീടികയിൽ നിന്ന് സാധനം വാങ്ങി പണം നൽകികഴിയുമ്പോൾ, കടക്കാരൻ പുഞ്ചിരിച്ചുകൊണ്ട് സുഖം തന്നെയല്ലേ?, മകന്റെ റിസൾട്ട് വന്നോ ? എന്ന മാറ്റില്ലോ താല്പര്യപൂർവ്വം കുശലം ചോദിക്കുന്നുവെന്ന് കരുതുക. ചോദിക്കുന്നയാളിന് യാതൊരു നഷ്ട്ടവുമില്ലെങ്കിലും കേൾക്കുന്നയാളിന്റെ മനസ്സിന് സ്നേഹത്തോടെയുള്ള സമീപനം കുളിരേകും. ആ ചോദ്യമൊക്കെ വെറും ബിസിനസ്സ് മാത്രം എന്ന പരിഹസിക്കുന്നവർക്കും ചില സന്ദർഭങ്ങളിലെങ്കിലും ഇത്തരം കുശലാന്വേഷണങ്ങൾ ഹൃദ്യമായി അനുഭവപെട്ടന്ന്‌വരും. സാധനം തന്ന് പണം വാങ്ങി പെട്ടിയിലിടുന്നതോടെ കടക്കാരന്റെ കടമ കഴിയുന്നുവെന്നതാണ് വാസ്തവം. പക്ഷെ, അയാൾ അതിനപ്പുറം ചെറിയൊരു കാര്യം കൂടെ ചെയ്യുന്നു. നല്ല വക്തിബന്ധങ്ങൾ നിലനിർത്തുവാൻ അത് വഴി വയ്ക്കുന്നു. എല്ലായ്പ്പോഴും എല്ലാ കടക്കാരും ഇങ്ങനെ ചെയ്തുകൊണ്ടേയിരിക്കണമെന്നല്ല സൂചന. ഇതൊരു ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം ചോദ്യങ്ങൾ അതിനു കടക്കുകയുമരുത്. ഏതു നേരവും അനാവശ്യമായി ഇടപെടുന്ന ശല്യക്കാരനാണ്. നിങ്ങൾ എന്ന ചിന്ത ജനിപ്പിക്കാതെ സൂക്ഷിക്കുക കടമയ്ക്കപ്പുറം ചെറിയൊരു കാര്യം കൂടെ ചെയ്യുന്നതിനെ ചിലർ എക്സ്ട്രാ മൈൽ എന്ന് സൂചിപ്പിക്കാറുണ്ട്. മികച്ച സേവനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ലക്ഷണമാണ് ഈ സമീപനം. കിട്ടുന്നതിലേറെ നല്കുക എന്ന ശൈലി സ്വീകരിക്കുന്നവരെ ആരാണ് ഇഷ്ട്ടപ്പെടാത്തത് ? പ്രകൃതിയിലേക്ക് നോക്കു. ഒരു നെൽവിത്ത് പാകിയാൽ നൂറു കണക്കാക്കി പ്രകൃതി അതു മടക്കിത്തരുന്നു.! "അത്യവശ്യം ചെയ്തു തീർക്കേണ്ട കൃത്യങ്ങൾ മാത്രം ചെയ്യുന്നവർ ഒരിക്കലും മഹാവിജയങ്ങൾ വരിക്കാറില്ല. അതിനുമേൽ ചെയ്യുന്ന കാര്യങ്ങളുടെ മികവാണ് ശ്രേഷ്‌ഠതയുടെ മഹിമയ്ക്കു പിന്നിൽ" എന്ന അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനായ ചാൾസ് ഫ്രാൻസിസ് ആഡംസ് (1807 - 1866 ), ഇദ്ദേഹത്തിന്റെ അച്ഛനും അപ്പൂപ്പനും അമേരിക്കൻ പ്രസിഡന്റുമാർ.
രണ്ടിൽ ഏതു വഴി ?
XI, XII ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ മുന്നിൽ രണ്ടു വഴികളുണ്ട്. ക്രിക്കറ്റ്, ഫേസ് ബുക്ക് , വാട്സാപ്പ് തുടങ്ങിയവയിൽ അമിതമായി ഏർപ്പെട്ട് അടുത്ത അഞ്ചാറുവർഷം ജീവിതം അടിച്ചു രസിച്ചു തകർക്കുക എന്നത് ആദ്യവഴി. ഇവയെല്ലാം മിതമായി ആകാമെന്നതു മറ്റൊരു കാര്യം. ഈ അഞ്ചാറു കൊല്ലം ഭംഗിയായി ശ്രമിച്ച് അറിവും കഴിവും സമർഥ്യങ്ങളും പരമാവധി മെച്ചപ്പെടുത്തുക എന്നത് രണ്ടാമത്തെ വഴി. ഇവയിൽ ഏതു വഴി വേണമെന്നത് ഓരോ കുട്ടിക്കും സ്വയം തീരുമാനിക്കാം. ആദ്യം അടിച്ചു രസിച്ചു തകർക്കുന്നവർ തുടർന്നുള്ള അൻപതുവർഷം എങ്ങനെയെങ്കിലും കഴിയുക എന്ന നിലയിലെത്താം. ആദ്യം മനസുവെച്ച് പ്രയത്നിക്കുന്നവർക്ക് തുടർന്നുള്ള അമ്പതു വർഷം. ആനന്ദകരമാക്കാൻ സാധ്യതയേറെ. അച്ഛനമ്മമാർക്കും, അധ്യാപകർക്കും ചെയ്യാവുന്നതാണ് ഏതാണ് നല്ല വഴി എന്ന് സൂചിപ്പിക്കുക മാത്രമാണ്. ആത്മാർത്ഥയോടെ തീരുമാനിച്ച് നടപ്പാക്കേണ്ടത് കുട്ടികൾ തന്നെ പ്രയത്‌നം കഠിനമല്ല., രസകരമാണെന്ന് കരുതി പ്രവർത്തിക്കാം. പഠനവും പരീക്ഷകളും ആഹ്ലാദകരമായ അനുഭവങ്ങളെന്ന് ചിന്തിച്ച് മുന്നേറാം. ജീവിതവിജയത്തിന്റെ ആദ്യപടവുകൾ ഇങ്ങനെ കയറിപോകുകയുമാകാം ഇതിനെല്ലാം ഊർജം പകരം അളവറ്റ ഉത്സാഹം കൂടെയുണ്ടാവട്ടെ.