നന്ദിവാക്ക്
നന്ദി എന്നവാക്കിന്റെ മാസ്മരശക്തി വളരെ വലുതാണ്. ഈ വാക്ക് കേൾക്കുന്നവരുടെ മനഃസന്തോഷത്തിന് കുളിരണിയിക്കാനുള്ള കഴിവും ഈ പദത്തിനുണ്ട്. നമുക്കെല്ലാവർക്കും പല തരത്തിലുള്ള സഹായങ്ങൾ പലരിൽ നിന്നും (ഉദാഹരണത്തിന് - ബന്ധുമിത്രാദികളിൽ നിന്നും, നാട്ടുകാരിൽ നിന്നും, എന്തിന് അപരിചിതരിൽ നിന്നുപോലും) വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ ഉപയോഗിക്കേണ്ടവാക്കാണിത്. "നന്ദി" അല്ലെങ്കിൽ വലിയ ഉപകാരം എന്ന് പറയാൻ ഒന്ന് രണ്ട് സെക്കൻഡുകൾ മാത്രം മതിയാകും. ഒരിക്കലും നന്ദി പറയാൻ മറക്കുകയോ പിശുക്കുകയോ അരുത്. ഉപകാരം വലുതായാലും ചെറുതായാലും നന്ദിവാക്ക് പറയുമ്പോൾ ഹൃദയം നിറഞ്ഞുകൊണ്ട് തന്നെ വേണം. നന്ദി പ്രകാശനം കൊണ്ട് ആർക്കും ഒന്നും തന്നെ നഷ്ടപ്പെടാൻ പോകുന്നില്ല എന്നും മാത്രമല്ല നമ്മെക്കുറിച്ച് അവരിൽ മതിപ്പുണ്ടാക്കാനും, നല്ലധാരണകൾ സൃഷ്ടിക്കുവാനും സാധിക്കുന്നു എന്ന് അനുഭവസ്ഥർ അഭിപ്രായപ്പെടുന്നത് വളരെ ശരി തന്നെ. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ സദ്പ്രവൃത്തികൾക്ക് സാക്ഷ്യംവഹിക്കാനും, നന്മകൾ തിരിച്ചറിഞ്ഞുകാണാനും, നന്ദി പറയുവാനും നമുക്ക് സാധിച്ചാൽ അത് ജീവിതവിജയത്തിനും നിത്യസന്തോഷങ്ങൾക്കും സഹായകമായി തീരുന്നതിൽ തർക്കമില്ല.കൃതജ്ഞത വളരെ പ്രശംസിക്കപ്പെടുന്ന ഒരു ഗുണമാണ്.
- ഗുരുജി