പരീക്ഷകൾ തുടങ്ങി വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത്പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു തുടങ്ങുകയാണ്. വിഎച്ച്എസ്ഇ വിദ്യാർഥികൾക്കു നാളെ പരീക്ഷ ആരംഭിക്കും. ഒരു അധ്യയന വർഷം പൂർണമായും ഓൺലൈൻ പഠനം നടത്തിയ, സംസ്ഥാനത്തെ എട്ടര ലക്ഷത്തോളം വിദ്യാർഥികൾ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്നു എന്നതാണു പ്രത്യേകത. പൊതുപരീക്ഷയുടെ ചോദ്യമാതൃകകൾ പരിചയപ്പെടാൻ മാതൃകാപരീക്ഷ ഒരു പരിധിവരെ കുട്ടികളെ സഹായിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള അധ്യയന വർഷത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തു പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ വിഷയത്തിലും പരമാവധി മാർക്കിന്റെ ഇരട്ടി മാർക്കിന് എഴുതാവുന്ന വിധം ചോദ്യങ്ങൾ നൽകുമെന്നതാണ് ഏറ്റവും പ്രധാനം. കുട്ടികളുടെ അഭിരുചി മേഖലകൾ വിഭിന്നമായതിനാൽ പാഠഭാഗങ്ങൾ ഒഴിവാക്കാതെ, ഉപരിപഠനത്തിനുള്ള പ്രസക്തി മുൻനിർത്തി വകുപ്പു തയാറാക്കി പ്രസിദ്ധീകരിച്ച ‘ഫോക്കസ് പോയിന്റു’കൾ കേന്ദ്രീകരിച്ചാകും ചോദ്യങ്ങൾ എന്നതിനാൽ അതിനു പ്രാധാന്യം നൽകി പഠിക്കണം. ഏറെക്കുറെ മൂന്നാഴ്ച നീളുന്ന പരീക്ഷാ കാലയളവിൽ 6 മുതൽ 10 വിഷയങ്ങളിൽ വരെയാണു വിദ്യാർഥികൾ പരീക്ഷകൾ എഴുതേണ്ടത്. കോവിഡ് വ്യാപനവും വേനൽച്ചൂടും കണക്കിലെടുത്തു ആരോഗ്യസംരക്ഷണത്തിനു മുൻകരുതലെടുക്കണം. അതനുസരിച്ചു ഭക്ഷണക്രമം പാലിക്കണം. സ്കൂളിലേക്കുള്ള യാത്രയിലും പരീക്ഷാഹാളിലും പരിസരത്തും കോവിഡിനെതിരെയുള്ള കരുതലുകളിൽ വിട്ടുവീഴ്ച പാടില്ല.ഇന്നു മുതൽ 29 വരെ നടക്കുന്ന പരീക്ഷകളിൽ അവധി ദിനങ്ങളും ഇടവേളകളും ഉള്ളതിനാൽ ഓരോ ദിവസത്തെ വിഷയവും സമയക്രമീകരണവും കൃത്യമായി മനസ്സിലാക്കുകയും ഉചിതമായ രീതിയിൽ കലണ്ടറിൽ അടയാളപ്പെടുത്തുകയോ ഫോൺ റിമൈൻഡർ സെറ്റ് ചെയ്തു വയ്ക്കുകയോ ചെയ്യുന്നതു നല്ലതാണ്. ഹാൾടിക്കറ്റ്, ശുദ്ധജലം, എഴുത്തു സാമഗ്രികൾ, യാത്രയ്ക്കാവശ്യമായ പണം, സാനിറ്റൈസർ, മാസ്ക് തുടങ്ങിയ കാര്യങ്ങളുടെ ഒരു ചെക് ലിസ്റ്റ് തയാറാക്കുകയും പരീക്ഷയ്ക്കു പുറപ്പെടുമ്പോൾ അവയെല്ലാം ബാഗിലുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപുതന്നെ സ്കൂളിൽ എത്താൻ ശ്രദ്ധിക്കുക. റജിസ്റ്റർ നമ്പർ അനുസരിച്ചു സ്വന്തം സീറ്റ് കണ്ടെത്തുക. കൂൾ ഓഫ് ടൈം 15 മിനിറ്റ് എന്നതിൽനിന്നു 20 മിനിറ്റായി വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങളുള്ളതു കാരണം മികച്ച ഉത്തരങ്ങളെഴുതാൻ പറ്റിയ ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഓരോ ഉത്തരത്തിനുമുള്ള സമയം ആസൂത്രണം ചെയ്യാനും കൂൾ ഓഫ് ടൈം വിനിയോഗിക്കണം. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും മുഴുവൻ മാർക്കും നേടാനും അവസരമുള്ള ഇത്തവണത്തെ പരീക്ഷയിൽ സമയത്തോടാണു മത്സരിക്കേണ്ടത്. ഉത്തരക്കടലാസിൽ അടുക്കും ചിട്ടയും വരുത്തുക എന്നതാണു പരീക്ഷയിൽ മാർക്ക് ലഭിക്കാനുള്ള ഒരു പ്രധാന തന്ത്രം. മാർജിന്റെ ഇടതുഭാഗത്തു ചോദ്യ നമ്പറുകൾ കൃത്യമായി രേഖപ്പെടുത്തണം. മാർക്കിനനുസൃതമായി ഉത്തരങ്ങളുടെ ദൈർഘ്യം ക്രമീകരിക്കണം. ഉപന്യാസങ്ങൾക്കു തലക്കെട്ട് നൽകുന്നതും പ്രധാന ആശയങ്ങൾ അടിവരയിടുന്നതും ഉത്തരങ്ങൾ കൂടുതൽ മികച്ചതാക്കും. വെട്ടിത്തിരുത്തുകൾ കുറയ്ക്കാനും പേജുകൾ ക്രമനമ്പർ അനുസരിച്ച് അടുക്കിവയ്ക്കാനും ശ്രദ്ധിക്കണം. ഉത്തരക്കടലാസ് ഏൽപിക്കുന്നതിനു മുൻപു ആദ്യപേജിൽ രേഖപ്പെടുത്തിയ റജിസ്റ്റർ നമ്പർ, പേജുകളുടെ എണ്ണം, തീയതി തുടങ്ങിയ വിവരങ്ങൾ ശരിയാണെന്നു പരിശോധിക്കുക. സ്വന്തം ഉത്തരങ്ങളിലുള്ള അമിത ആത്മവിശ്വാസം നിമിത്തം ‘കൃത്യം മാർക്കിന്’ മാത്രം ഉത്തരമെഴുതുന്ന രീതി ഇത്തവണ ഉചിതമാകാനിടയില്ല. കൂടുതൽ വിദ്യാർഥികൾക്കു മികച്ച മാർക്ക് നേടാനാകും എന്നതിനാൽ ഉപരിപഠനത്തിനുള്ള പ്രവേശന സമയത്തു മത്സരമുണ്ടാകും എന്നോർക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509816