ഇന്‍റര്‍വ്യൂ- ഒരു പേടിസ്വപ്നമാകാതിരിക്കാന്‍

ഏതൊരു ഇന്‍റര്‍വ്യൂവിലും വിജയം നേടാന്‍ അപേക്ഷകര്‍ക്കുണ്ടായിരിക്കേണ്ട അവശ്യഘടകമാണ് തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം. ഇന്‍റര്‍വ്യൂവിനെ ചങ്കുറ്റത്തോടെ നേരിടാന്‍ രണ്ട് ഘടകങ്ങള്‍കൂടി ഒഴിച്ച് കൂടാനാവാത്തവയാണ്. ഒന്ന്, സ്വന്തം കഴിവുകളിലുള്ള അടിയുറച്ച വിശ്വാസം. രണ്ട്, നേരിടാന്‍ പോകുന്ന ഇന്‍റര്‍വ്യൂ ലോകാവസാനമല്ലെന്നും അതിനപ്പുറത്തും അവസരങ്ങളുണ്ടെന്ന ഉത്തമബോധ്യം. ഈ രണ്ട് കാര്യങ്ങള്‍ അപേക്ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും, സ്വന്തം നിലപാടുകളും, ഉള്‍ക്കാഴ്ചകളും സമചിത്തതയോടെ ഇന്‍റര്‍വ്യൂവില്‍ അവതരിപ്പിക്കുവാനും സഹായിക്കും. ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാനഘടകമാണ് ചിട്ടയോടുകൂടിയ തയ്യാറെടുപ്പ്. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്ത് ഗൗരവപൂര്‍വം നടപ്പില്‍ വരുത്തുന്ന തയ്യാറെടുപ്പ്, ഇന്‍റര്‍വ്യൂവിനെ ആകുലതകള്‍ മാത്രം സൃഷ്ടിക്കുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ നിന്നും ആനന്ദകരമായ ഒരനുഭവമാക്കി മാറ്റുവാന്‍ അപേക്ഷകരെ സഹായിക്കും.

എന്താണ് ഇന്‍റര്‍വ്യൂ?
അപേക്ഷകരുടെ അര്‍ഹത വിലയിരുത്താന്‍ (അത് ഉന്നതപഠനത്തിനോ, ജോലി നേടാനോ, സ്കോളര്‍ഷിപ്പ് ലഭിക്കുവാനോ തുടങ്ങിയ എന്തിനുമാകാം) സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്‍റര്‍വ്യൂ. ഉന്നത അക്കാദമിക് നിലവാരം പുലര്‍ത്തുന്ന അപേക്ഷകര്‍ പോലും ഇന്‍റര്‍വ്യൂവില്‍ പരാജയപ്പെടുന്നത് നിത്യസംഭവമാണ്. അപേക്ഷിച്ചിട്ടുള്ള അവസരങ്ങളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത
സ്ഥാപനങ്ങള്‍ വ്യത്യസ്ത രീതികളിലായിരിക്കും ഇന്‍റര്‍വ്യൂ നടത്തുന്നത്. എന്നിരുന്നാലും എല്ലാറ്റിന്‍റെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയായിരിക്കും. അതായത് അപേക്ഷിച്ചിട്ടുള്ള അവസരങ്ങള്‍ക്ക് അപേക്ഷകര്‍ എത്രത്തോളം അനുയോജ്യരാണെന്ന് കണ്ടെത്തുക. ഇതിനായി അപേക്ഷകര്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ
നിജസ്ഥിതി നിര്‍ണയിക്കുവാനും അവരുടെ സാമൂഹ്യസാംസ്കാരിക പശ്ചാത്തലത്തെ വിലയിരുത്താനുമെല്ലാം ഇന്‍റര്‍വ്യൂ ഉപയോഗിക്കപ്പെടുന്നു. അപേക്ഷകരെ സംബന്ധിച്ചിടത്തോളം അപേക്ഷിച്ചിരിക്കുന്ന അവസരങ്ങള്‍ക്ക് തങ്ങള്‍ എത്രത്തോളം യോഗ്യരും, അനുയോജ്യരുമാണെന്ന് ബോധ്യപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരമാണ് ഇന്‍റര്‍വ്യൂ. ഇന്‍റര്‍വ്യൂവില്‍ അപേക്ഷകരുടെ അറിവ് മാത്രമല്ല അളക്കപ്പെടുന്നത്. അഭിരുചി, ആശയവിനിമയശേഷി, വ്യക്തിത്വം തുടങ്ങിയ മറ്റുപല ഘടകങ്ങള്‍ കൂടി പരീക്ഷിക്കപ്പെടുന്നു. സ്ഥാപനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ പറ്റുന്ന അപേക്ഷകര്‍ മാത്രം തെരഞ്ഞെടുക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ
ഒരു സുപ്രധാന ഘട്ടമായ ഇന്‍റര്‍വ്യൂവിനെ വിജയകരമായി മറികടക്കുവാന്‍ ശുഭപ്രതീക്ഷമാത്രം പോരാ. നല്ല തയ്യാറെടുപ്പും, ശരിയായ മാര്‍ഗനിര്‍ദേശവും കൂടി ആവശ്യമാണ്. അവസരങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയൊക്കെ കൈപ്പിടിയിലൊതുക്കുവാന്‍ അപേക്ഷകര്‍ പൂര്‍ണമായും സുസജ്ജരായിരിക്കണം. ഉയര്‍ന്ന യോഗ്യതകളെക്കാളും, മികച്ച പ്രതിഭയെക്കാളും ഈ സന്നദ്ധതയ്ക്കാണ് പ്രാധാന്യം. ഏറ്റവും ഉയര്‍ന്ന യോഗ്യതകളുള്ള അപേക്ഷകരല്ല പലപ്പോഴും തെരഞ്ഞെടുക്കപ്പെടുന്നത്. അവസരങ്ങളും ആവശ്യങ്ങളും മുന്‍കൂട്ടിഅറിഞ്ഞു അതിനനുയോജ്യമായ വിധത്തില്‍ ചിട്ടയോടുകൂടിയ പരിശ്രമങ്ങള്‍ നടത്തുന്നവരാണ് അന്തിമ വിജയം കൈവരിക്കുന്നത്. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്ത് ശ്രദ്ധാപൂര്‍വം നടപ്പില്‍ വരുത്തുന്ന പരിശീലനമാണ് അപേക്ഷകരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നത്. ശരാശരി കഴിവു മാത്രമുള്ള പല അപേക്ഷകരും അമൂല്യമായ അവസരങ്ങള്‍ നേടിയെടുക്കുന്നത് അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശീലനങ്ങളില്‍കൂടി മാത്രമാണ്. അതേസമയം, തയ്യാറെടുപ്പിന് തയ്യാറില്ലാത്ത അപേക്ഷകര്‍ എത്രതന്നെ യോഗ്യതയുള്ളവരായാലും ഇന്‍റര്‍വ്യൂവിനെ നേരിടാന്‍ പറ്റാതെ പിന്തള്ളപ്പെടുകയും ചെയ്യുന്നു. ശരിയായ രീതിയിലുള്ള തയ്യാറെടുപ്പ് ഇന്‍റര്‍വ്യൂവിനെ ധൈര്യപൂര്‍വം നേരിടാനുള്ള ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു.
തയ്യാറെടുപ്പ് ആസൂത്രണം ചെയ്യുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുക.
1. അപേക്ഷകര്‍ക്കാദ്യമായുണ്ടാകേണ്ടത് പതറാത്ത ആത്മവിശ്വാസവും, ഏത് സന്ദിഗ്ധ ഘട്ടത്തെയും യുക്തിപൂര്‍വം നേരിടാനുള്ള സന്നദ്ധതയുമാണ്. സ്വന്തം കഴിവുകളില്‍ അടിയുറച്ച വിശ്വാസവും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാനുള്ള കഴിവുമാണ് വിജയത്തിന്‍റെ അടിസ്ഥാനം. ഈ കഴിവുകള്‍ ശരിയായ പരിശീലനങ്ങളിലൂടെയും, പരന്ന വായനയിലൂടെയും നേടിയെടുക്കാവുന്നതേയുള്ളൂ. തയ്യാറെടുപ്പിന്‍റെ അപര്യാപ്തയണ് പലപ്പോഴും ആത്മവിശ്വാസക്കുറവിന് കാരണമാകുന്നത്. ധാര്‍ഷ്ട്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആത്മവിശ്വാസം അതാണ് അപേക്ഷകരുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
2. തയ്യാറെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് വസ്തുനിഷ്ഠമായ വിശകലനത്തിലൂടെ സ്വന്തം ബലവും ബലഹീനതകളും തിരിച്ചറിയുക. അതിനു ശേഷം ഉള്ള കഴിവുകള്‍ വികസിപ്പിക്കുവാനും, പോരായ്മകള്‍ പരിഹരിക്കുവാനുമുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും, പരിശീലനം ആരംഭിക്കുകയും ചെയ്യുക. ലഭ്യമായ കഴിവുകള്‍ തുടര്‍ച്ചയായി പരിപോഷിപ്പിക്കുന്നതിലായിരിക്കണം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്.
അതോടൊപ്പം പോരായ്മകള്‍ പരിഹരിക്കുവാനും ശ്രമിക്കുക. അപരിഹാര്യമായ ദൗര്‍ബല്യങ്ങളെക്കുറിച്ച് അമി
തമായി വേവലാതിപ്പെടാതിരിക്കുക.
3. ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടൊരു സവിശേഷത പുലര്‍ത്തുന്നവരാണ് പലപ്പോഴും തെരഞ്ഞെടുക്കപ്പെടുന്നത്. മറ്റുള്ളവര്‍ക്കില്ലാത്ത എന്തെങ്കിലും ഒരു പ്രാവീണ്യം നേടിയെടുക്കുക. അത് പലപ്പോഴും നിങ്ങള്‍ക്ക് തുണയാകും. ഒരേ തരത്തിലുള്ള സിലബസ്സും, യോഗ്യതകളും അരങ്ങുവാഴുന്ന പശ്ചാത്തലത്തില്‍ സ്വന്തം അസ്തിത്വം സൃഷ്ടിച്ചെടുക്കുവാന്‍ കഴിയുന്നവരാണ് വ്യത്യസ്തരാകുന്നത്. തെരഞ്ഞെ
ടുക്കുന്ന മേഖലയിലും, സ്വന്തം സ്പെഷലൈസേഷനിലും, സൈദ്ധാന്തികവും, പ്രായോഗികവുമായ സ്പഷ്ടത
കൈവരിക്കുന്നതും മറ്റുളളവരില്‍ നിന്ന് വ്യത്യസ്ത പുലര്‍ത്താന്‍ നിങ്ങളെ സഹായിക്കും.
4.സ്വന്തം മേഖലയിലെ പുത്തന്‍ സംഭവവികാസങ്ങളെ ശ്രദ്ധയോടെ അപ്പപ്പോള്‍ മനസ്സിലാക്കുകയും, അതിനനു
സരിച്ച് സ്വന്തം വിജ്ഞാനം നവീകരിക്കുകയും ചെയ്യുക. നിങ്ങളുടെ വിജ്ഞാനവും നൈപുണ്യവും പഠിച്ച സിലബസ്സിന്‍റെ പരിധിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെങ്കില്‍ നിങ്ങളെ കാലഹരണപ്പെട്ട ഒരു വ്യക്തിയായി മുദ്രകുത്തപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നലെകളില്‍ നമ്മെ സഹായിച്ച നൈപുണ്യം നാളെകളെ നേരിടാന്‍ പര്യാപ്തമായിക്കൊള്ളണമെന്നില്ല. അതിനാല്‍ മാറ്റങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വം കാതോര്‍ക്കുക. അവയുടെ അന്ത:സത്തയും അടിയൊഴുക്കുകളും പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിനനുസരിച്ച് മാറാന്‍ തയ്യാറാവുക. മാറ്റങ്ങള്‍ക്കനുസരിച്ച് സ്വന്തം കഴിവുകളും, നൈപുണ്യവും ഏകോപിപ്പിക്കപ്പെടുമ്പോഴാണ് വിജയം കൈപ്പിടിയിലൊതുങ്ങുന്നത്.
5. എല്ലായ്പ്പോഴും, പ്രത്യേകിച്ച് തയ്യാറെടുപ്പിന്‍റെ ഘട്ടത്തില്‍ സമയം വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. ഏത് കാര്യത്തിലായാലും ഉദാസീനതയും അലസതയും കാലതാമസവും ഒഴിവാക്കുക. അവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. നിങ്ങള്‍ക്ക് സംഭവിക്കുന്ന കാലതാമസം നിങ്ങളുടെ പ്രതിയോഗിക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നുള്ള സത്യം മറക്കാതിരിക്കുക. കാലതാമസം പലപ്പോഴും തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങള്‍ വരുത്തി വച്ചേക്കാം. പ്രകൃതി അത്യധികം സമഭാവനയോടെ വിതരണം ചെയ്തിരിക്കുന്ന ഒരു വിഭവമാണ് സമയം. വിജയത്തിനാവശ്യമായ മറ്റു പല വിഭവങ്ങളുടെ (ബുദ്ധിശക്തി, വ്യക്തിത്വം, സാമൂഹ്യപശ്ചാത്തലം തുടങ്ങിയവ) കാര്യത്തിലൊന്നും ഈ സമഭാവന പ്രകൃതി കാണിച്ചിട്ടില്ല. ലഭ്യമായ സമയം വിവേകപൂര്‍വം കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ് മുന്‍പന്തിയിലെത്തുന്നത്. പ്രഥമവും, പ്രധാനവുമായ കാര്യങ്ങള്‍ക്ക് തടസ്സമായിനില്‍ക്കുന്ന അനാവശ്യങ്ങളും അപ്രധാനവുമായ കാര്യങ്ങളോട് 'വേണ്ട'
എന്നു പറയാനുള്ള മനക്കരുത്ത് പരിശീലനത്തിലുടെ നേടിയെടുക്കുക.
6. സ്വന്തം സുഖമണ്ഡലത്തില്‍ (comfort zone) ഒതുങ്ങിക്കൂടാനുള്ള പ്രവണതയില്‍ നിന്ന് മോചനം നേടുക. അപരിചിതമായ സാഹചര്യങ്ങളിലേക്ക് മടികൂടാതെ കടന്നു ചെല്ലാനും പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധത കാണിക്കുന്നവരുമാണ് നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്. ശാന്തമായ കടല്‍ ഒരിക്കലും ഒരു നല്ല നാവികനെ സൃഷ്ടിക്കില്ല. അതികഠിനമെന്ന് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറകിലായിരിക്കും നിങ്ങള്‍ കൊതിക്കുന്ന അവസരങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്.
7. പങ്കെടുക്കുന്ന എല്ല ഇന്‍റര്‍വ്യൂകളിലും വിജയിച്ച് കൊള്ളണമെന്നില്ല. ചെറിയ പരാജയങ്ങളില്‍ പരിക്ഷീണിതരായി ദുര്‍ബലചിത്തരാകാതിരിക്കുക. ഓരോ ഇന്‍റര്‍വ്യുവില്‍നിന്നും ലഭിക്കുന്ന പരിചയസമ്പത്ത് അടുത്ത ഇന്‍റര്‍വ്യൂവിനെ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കുക. പ്രതിസന്ധികളെ പ്രചോദനത്തിനുള്ള സ്രോതസ്സുകളായി കണക്കാക്കുക. തട്ടിവീഴ്ത്താന്‍ ശ്രമിക്കുന്ന തടസ്സങ്ങളെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികളാക്കുക. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ബാലിശമായ ഒഴിവുകഴിവുകള്‍ക്ക് പുറകില്‍ അഭയം തേടാതെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. എല്ലാവരും മികച്ചവരാകുമ്പോള്‍ കൂടുതല്‍ മികച്ചവര്‍ തെരഞ്ഞെ
ടുക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിക്കാതിരിക്കുക. കാലഘട്ടത്തിന്‍റെ പരിണാമപ്രക്രിയകള്‍ക്കും, ആവശ്യങ്ങളുടെ വൈവിധ്യത്തിനുമനുസരിച്ച് ഇന്‍റര്‍വ്യൂവിന്‍റെ രൂപത്തിലും ഘടനയിലുമെല്ലാം മാറ്റം സംഭവിച്ചേക്കാം. ഇതിനനുസരിച്ച് തയ്യാറെടുപ്പിലും മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുക. അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ കണ്ടെത്തുകയോ ചെയ്യുക രാത്രികാല ദീപം തെളിയിച്ച് കഠിനാധ്വാനം ചെയ്യുന്നവരാണ് മികവിന്‍റെ വഴിയെ മുന്നേറുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080292